പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

ആയാംകുടി പി. ആർ. ശങ്കരപ്പിള്ള: ഒട്ടുവളരെ ഗദ്യപദ്യങ്ങളാൽ കൈരളിയെ സുദീർഘകാലം – ആറു പതിറ്റാണ്ടിലധികം കാലം – ഉപാസിച്ചു പോന്ന ഒരു പണ്ഡിതപ്രവരനാണ് പി. ആർ. ശങ്കരപ്പിള്ള. കാൽനൂറ്റാണ്ടുമുമ്പുവരെ, കൈരളി, മംഗളോദയം, ഭാഷാപോഷിണി, കേരളകേസരി, ആര്യകേസരി, ആത്മപോഷിണി, രസികരഞ്ജിനി, മലയാളമനോരമ, കവനകൗമുദി, നസ്രാണിദീപിക തുടങ്ങിയ ഒട്ടേറെ പത്രമാസികകളുടെ പഴയ ലക്കങ്ങൾ പരിശോധിക്കുന്നവർക്കു് ഇന്നും ആ സാഹിത്യോപാസകൻ്റെ കരുത്തുറ്റ പേനയുടെ ചലനം കണ്ട് ആഹ്ലാദിക്കുവാൻ കഴിയും. നിർഭാഗ്യവശാൽ അദ്ദേഹത്തിൻ്റെ കൃതികളിൽ അധികമൊന്നും ഇതുവരെ പുസ്തകാകൃതിയെ പ്രാപിച്ചുകഴിഞ്ഞിട്ടില്ല. പദ്യകൃതികളിൽ ‘ഗിരിഗീത’ മാത്രമേ അച്ചടിച്ചിട്ടുള്ളതായറിയുന്നുള്ളു. ‘സഹൃദയ പുഷ്പാഞ്ജലി’ എന്നൊരു സമാഹാരം കവി നിര്യാതനാകുന്നതിനുമുമ്പേതന്നെ തയ്യാറാക്കിയിരുന്നത് ഈ ലേഖകൻ ഈയിടെ കാണുകയുണ്ടായി. ദ്രാവിഡ സംസ്കൃത വൃത്തങ്ങളിലായി വിരചിതമായ 15 കവനതല്ലജങ്ങൾ അതിലടങ്ങിയിരിക്കുന്നു. ശബ്ദഭംഗി, അർത്ഥമാധുരി, സാരള്യം എന്നിവ ആ സമാഹാരത്തിലെ ഓരോ കവിതയിലും തെളിഞ്ഞുകാണുന്ന ഗുണവിശേഷങ്ങളാണ്. കവിഭാവനയും അതുപോലെതന്നെ. ബാഷ്പാങ്കുരത്തിൽ സ്വപുത്രിയുടെ അകാലവിയോഗമാണു് വർണ്ണിക്കുന്നതു്. കവിഹൃദയത്തോടൊപ്പം വായനക്കാരുടെ ഹൃദയവും അതിലെ ശോകരസത്തിൽ അലിഞ്ഞുചേരുകതന്നെ ചെയ്യും. ‘കർമ്മഭൂമിയുടെ ധർമ്മബോധം’ മാലിനീവൃത്തത്തിൽ എഴുതിയിട്ടുള്ള ഒരു കവിതയാണു്. അതിൽനിന്നു് ഒരു പദ്യം ഇവിടെ ഉദ്ധരിക്കാം:

ധനപതിയൊരുകാലം കേവലം പിച്ചതെണ്ടാം
മനുജവരകിരീടം മൺകുടപ്രായമാകാം
അനുദിനമിരവോളം ഭിക്ഷതെണ്ടുന്ന മർത്യൻ
കനകശിബികയേറാം; ദൈവചിത്തം വിചിത്രം!