പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

പാനപാത്രം എന്ന കവിതയിൽ, കവിയുടെ ഭാവന എങ്ങനെ തെളിഞ്ഞുമിന്നുന്നുവെന്നു നോക്കുക:

കാറുകൊണ്ടു കറുത്തൊരു വിണ്ടലം
വാരൊളിമിന്നൽ ശോഭനമാക്കുന്നു
അല്ലു തൻ്റെ കറുത്ത കചോപരി
മുല്ലമാലയെച്ചൂടിച്ചു താരകൾ
ഘോരമാരിയാൽ വിണ്ണ,ലം കേഴവേ
വാർമഴവില്ലു സാന്ത്വനമോതുന്നു….
ഇങ്ങനെ തുടരുന്നു അത്. ‘ശുദ്ധാന്തദീപിക’ തുടങ്ങിയ കൃതികളെപ്പറ്റി ഒന്നും തന്നെ കുറിക്കുവാൻ തരമാകുന്നില്ല.

ഗിരിഗീത, കവിയുടെ ഒരു പ്രധാന കൃതിയാണ്. ക്രിസ്തുവിൻ്റെ സുപ്രസിദ്ധമായ ഗിരിപ്രഭാഷണമാണ് അതിലടങ്ങിയിട്ടുള്ളത്. പല ഭാഷകളിലും പല രൂപത്തിലും അതു പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. കല്ക്കത്തയിൽ നിന്നു 1944-ൽ ക്രിസ്തോപനിഷത് എന്ന പേരിൽ അതു സംസ്കൃതഭാഷയിൽ പ്രകാശിപ്പിച്ചിരുന്നു. മലയാളത്തിൽ നമ്മുടെ കവി ഗിരിഗീത 1936-ൽ വിരചിച്ചുവെങ്കിലും 1960-ലേ പുസ്തകരൂപത്തിൽ പ്രകാശിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചുള്ളു. ഇതിനകം പദ്യരൂപത്തിൽ ചില വിവർത്തനങ്ങൾ മലയാളത്തിൽ മറ്റുചിലർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സ്മര്യപുരുഷൻ്റെ കൃതി പൊതുവെ സുഗ്രഹമാണു്. ഇത്തരം കൃതികൾക്കുവേണ്ട പ്രധാനഗുണവും അതുതന്നെ. ചില ഭാഗങ്ങൾ
നോക്കുക:

വിധിക്കരുതേതും വിബുധരേ, നിങ്ങൾ
വിധിച്ചിടുമന്യജനവും നിങ്ങളെ
പ്പഴിപറഞ്ഞന്യജനത്തെ നിങ്ങളും
വഴിപിഴപ്പിക്ക വിഹിതമല്ലല്ലോ.