പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

പഴിച്ചിടും തോതിലവരും നിങ്ങളെ
പഴിക്കുമെന്നതു പ്രകൃതിസിദ്ധമാം
അളവിനു നിങ്ങളെടുത്ത പാത്രത്താ-
ലളന്നു നിങ്ങൾക്കു പകരം കിട്ടിടും….

പക്ഷികൾ ഭക്ഷണകാംക്ഷികളെങ്കിലു-
മിക്ഷിതികർഷണം ചെയ് വതില്ല;
വിത്തു വിതയ്ക്കയോ കൊയ്കയോ ചെയ്യാതെ
നിത്യവുമായവ ജീവിക്കുന്നു….

കവിയുടെ കവനപാടവവും ഈ ഭാഗങ്ങളിലൊക്കെ തെളിഞ്ഞുകാണുന്നുണ്ടല്ലോ:*

* (കേരളത്തിലെ പ്രസിദ്ധ സംസ്കൃത‌പണ്ഡിതന്മാരിൽ ഒരാളായിരുന്ന ശങ്കരപ്പിള്ള കൊല്ലവർഷം 1066 മീനം 10-ാം തീയതി ആയാംകുടിയിൽ പാട്ടത്തിൽ തറവാട്ടിൽ പാർവ്വതിയമ്മയുടേയും വാതുക്കോടത്ത് പത്മനാഭപിള്ളയുടേയും പുത്രനായി ജനിച്ചു. അദ്ധ്യാപകനായി ജീവിച്ച് 1124-ൽ പെൻഷൻപറ്റി. 1972 സെപ്തംബർ 27-ാം തീയതി ആയാംകുടിയിലുള്ള വസതിയിൽവച്ച് 82-ാമത്തെ വയസ്സിൽ അന്തരിച്ചു. മൂന്നു പുത്രന്മാരും രണ്ടു പുത്രിമാരുമുണ്ട്. മൂത്തപുത്രൻ വി. എസ്. നായർ എം. ഏ. കോളേജ് ലൿച്ചറർ ആണു്.)