ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
പി. രാമൻനായർ: 1927-നടുത്ത് കവനകൗമുദിയിൽ ചില കവിതകളും ഖണ്ഡകാവ്യങ്ങളുമെഴുതി കാവ്യലോകത്തിൽ ശ്രദ്ധേയനായിത്തീർന്ന ഒരു വാസനാകവിയാണ് മഞ്ചേരിക്കാരൻ പി. രാമൻനായർ ബി. എ. വടക്കൻ ആർക്കാട്ടിൽ തിരുപ്പത്തൂരും മറ്റുമായി ഉദ്യോഗം നിമിത്തം ഏറെക്കാലം കഴിഞ്ഞുകൂടേണ്ടിവന്ന അദ്ദേഹത്തിനു് തൻ്റെ കാവ്യവ്യവസായത്തിൽ വികസിക്കുവാൻ പിന്നീടു സൗകര്യമില്ലാതായിത്തീർന്നു. ഇപ്പോൾ അതിൽനിന്നും മോചനം നേടി വീണ്ടും കാവ്യാദ്ധ്വാവിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കയാണു്.
അശ്രുധാര, മുവില, മേഘാലോകം, മുകുളാഞ്ജലി എന്നിവയാണു അദ്ദേഹത്തിൻ്റെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മുഖ്യകൃതികൾ. രാമൻനായരുടെ കൃതികൾക്കുള്ള ഒരു പ്രത്യേകത അവയുടെ ശബ്ദാർത്ഥചാരുതയാണു്. സംസ്കൃതവൃത്തങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് കവിക്കു കൂടുതൽ പാടവവും പരിചയവുമെന്നു തോന്നുന്നു. അശ്രുധാര തിരുനാവായിൽ വച്ചുണ്ടായ ഒരു അപകടത്തിൽപ്പെട്ട് അന്തരിച്ച തൻ്റെ സഹപാഠിയും സമവയസ്ക്കനുമായ ഒരു സുഹൃത്തിനെ സംബന്ധിച്ച് എഴുതിയിട്ടുള്ള ഒരു വിലാപകാവ്യമാണു്. കവി തനിക്കു നേരിട്ട ദുഃഖം ഹൃദയരക്തത്തിൽ മുക്കി എഴുതിയിരിക്കയാണു് ഇതിൽ. വിയോഗിനീ വൃത്തത്തിൽ കുറിച്ചിട്ടുള്ള പ്രസ്തുത കാവ്യം വികാരതീവ്രവും വിചാരരമണീയവുമായ ഒന്നാണെന്നു് അതു വായിക്കുന്ന ഏതു സഹൃദയനും ഉറക്കെപ്പറയാതിരിക്കയില്ല. അവസാനഭാഗത്തുനിന്നു ചില പദ്യങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ:
‘എഴുനേല്പതിനാണു വീഴ്ച നേ-
ർക്കുണരാൻ തന്നെയുറങ്ങിടുന്നതും:
അഴലാണു സുഖം പെറുന്ന,- താ
മൃതിയോ, നാകമണിക്കവാടമാം.’