ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
ഇതുമട്ടിലുറച്ചു, ശാന്തമാ-
യൊരുമട്ടെന്നുയിർ ഞാൻ ധരിച്ചിടാം;
കഴിയുംവിധമെൻ സഖേ! ഭവാ-
ന്നരികിൽത്താനണവാൻ ശ്രമിച്ചിടാം.
മൃതനായ ഭവാനൊടീയെനി-
ക്കിനിയർത്ഥിപ്പതിനുള്ളതൊന്നുതാൻ:
അഴൽമൂത്തുഴലുന്ന നേരമെൻ-
മതിയിൽ തോന്നുക, നിൻ്റെ സൗഹൃദം!
മുവ്വില മൂന്നു ഖണ്ഡകാവ്യങ്ങളുൾക്കൊള്ളുന്ന ഒരു സമാഹാരമാണു്. ഭർത്തൃപരിത്യക്തയായ ശകുന്തള, വൈകുണ്ഠദർശനം, പ്രണയവഞ്ചിത എന്നീ കാവ്യങ്ങളാണു് അതിലെ ഓരോ ദളത്തിലുമുള്ളതു്. മേഘാലോകം, കാളിദാസൻ്റെ സന്ദേശകാവ്യത്തിൻ്റെ വൃത്താനുവൃത്തമായ ഒരു പരിഭാഷയാണു്. മലയാളത്തിലുണ്ടായിട്ടുള്ള മറ്റു പല പരിഭാഷകളുടെയും മുന്നിൽ നില്ക്കാവുന്ന ഒരു കൃതിയാണിത്. കവിയുടെ കവനമർമ്മജ്ഞതയുടെ നിലവാരം ഇതിൽ ഉയർന്നുതന്നെ നിലകൊള്ളുന്നു. ദ്രാവിഡവൃത്തത്തിലെഴുതിയിട്ടുള്ള – സ്കന്ദസ്തവമൊഴികെ- പതിനഞ്ചു ലഘുകവിതകളുടെ സമാഹാരമാണു മുകളാഞ്ജലി. വിഭീഷണൻ്റെ വിചാരം, മുകകുളാഞ്ജലി തുടങ്ങിയ ചിലതു പ്രത്യേകം എടുത്തുപറയത്തക്ക കൃതികൾതന്നെ.