ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
വരിക്കോലിൽ കേശവനുണ്ണിത്താൻ: സുപ്രസിദ്ധനായ ഒരു കവിയും പണ്ഡിതനുമാണു് കേശവനുണ്ണിത്താൻ. ഒരുകാലത്തു കേരളത്തിലെ പല പത്രമാസികകളിലും ധാരാളം കവിതകൾ എഴുതിക്കൊണ്ടിരുന്നു. വാസന, ഭാവന എന്നിവ അഹമഹമികയാ തത്തിക്കളിക്കുന്നവയാണു് ഉണ്ണിത്താൻ്റെ കൃതികൾ. സ്വാതന്ത്ര്യസമരകാലത്ത് അതിൽ പങ്കെടുക്കുകയും ദേശാഭിമാനദ്യോതകങ്ങളായ കവിതകൾ എഴുതുകയും ചെയ്തിട്ടുണ്ട്. അത്തരം രാഷ്ട്രീയകവനങ്ങൾ സമാഹരിച്ചിട്ടുള്ളതാണു് സ്വാതന്ത്ര്യസന്ദേശം. ഭാവനോദ്യാനം, ചിന്താതരംഗം, രാഗതരംഗം, വീരപൂജ മുതലായവയത്രെ കവിയുടെ ഇതരകൃതികൾ. ഇന്നും കവി കവനകലയിൽത്തന്നെ വ്യാപൃതനായിക്കഴിയുകയാണെന്നറിയുന്നു.
കിരണാങ്കരം, ഭാവനോദ്യാനം, ചിന്താതരംഗം, വീരപൂജരാഗതരംഗം, വീരപൂജ, സാഹിത്യമുകുരം മുതലായി പത്തോളം കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടത്തിയിട്ടുണ്ട്.
1978 ഡിസംബർ 27-ാം തീയതി മാവേലിക്കരയിലുള്ള ഒരു സ്വകാര്യ നേഴ്‌സിംഗ് ഹോമിൽവച്ച് ഹൃദയസ്തംഭനംമൂലം നിര്യാതനായി. മരിക്കുമ്പോൾ അദ്ദേഹത്തിനു് 83 വയസ്സു പ്രായമായിരുന്നു.