ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
പി. ജി. രാമയ്യർ: കേരളവർമ്മപ്രഭൃതികളുടെ കാലത്തുതന്നെ പ്രസിദ്ധനായിത്തീർന്ന ഒരു കവിയാണ് രാമയ്യർ. ‘കല്പാത്തിയിലെ രഥോത്സവ’ത്തെപ്പറ്റിയായിരുന്നു രാമയ്യർ ആദ്യം കവിതയെഴുതിയതു്. വലിയകോയിത്തമ്പുരാൻ അഭിജ്ഞാനശാകുന്തളം തർജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തി അധികകാലം കഴിയുന്നതിനുമുമ്പുതന്നെ, പി. ജി.യും മറ്റൊരു തർജ്ജമ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. കുമാരസംഭവം, മേഘസന്ദേശം എന്നിവയും വിവർത്തനം ചെയ്തിട്ടുണ്ട്.
രസികരഞ്ജിനി, ലക്ഷ്മീഭായി, കവനകൗമുദി, ഭാഷാപോഷിണി തുടങ്ങിയ അക്കാലത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങൾവഴി രാമയ്യർ ധാരാ ളം കൃതികൾ പ്രസിദ്ധപ്പെടുത്തിവന്നു. സതികുമാരം, കാരണവൻ്റെ ആവലാതി, ഗുസ്തി മുഹമ്മദ്, വംഗപ്രഭു, വിപ്രസന്ദേശം മുതലായ കൃതികൾ അങ്ങനെയുള്ളവയാണു്.
‘കമലാവതി’ അഞ്ചങ്കങ്ങളോടുകൂടിയ ഒരു നാടകമത്രെ. ‘കൗമുദി’ എന്ന പേരിൽ ഒരു മഹാകാവ്യം ‘സാരബോധിനി’യിൽ പി. ജി. പ്രസിദ്ധപ്പെടുത്തിവന്നു. മുഴുവനാക്കുകയോ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. ഭാഷയേറിവരുന്ന മണിപ്രവാളമാണു രാമയ്യരുടെ കൃതികളിൽ പൊതുവെ ഉള്ളത്. ‘കുരിശിലെ ക്രിസ്തു’ എന്ന കൃതിയിൽനിന്നും ഒരു പദ്യം ഇവിടെ ഉദ്ധരിക്കാം.
അരുതരുതു പിതാവേ! കോപമിപ്പാപകൃത്യം
കരുതിയിവരിലേതും നിൻപദം കുമ്പിടുന്നേൻ
കരുണയിവരിലുണ്ടാകേണമജ്ഞാനമാണി-
പ്പുരുദുരിതവഴിക്കീ മർത്ത്യരെചേർത്തതിപ്പോൾ.