പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

ജോസഫ് മുണ്ടശ്ശേരി: സാഹിത്യവിമർശകൻ, ശൈലീവല്ലഭൻ, വിദ്യാഭ്യാസപ്രവർത്തകൻ എന്നിങ്ങനെ വിവിധനിലകളിൽ കേരളീയർക്കു സുപരിചിതനായ ജോസഫ് മുണ്ടശ്ശേരി ഒരു കവിയുമാണെന്നു പറഞ്ഞാൽ ഇന്നത്തെ തലമുറയിലുള്ളവർ വിശ്വസിക്കുമെന്നു തോന്നുന്നില്ല. എന്നാൽ അദ്ദേഹം വിദ്യാർത്ഥിയായിരുന്ന കാലംമുതൽ ഏതാണ്ട് അരനൂറ്റാണ്ടു മുമ്പുവരെ കവിതാദേവിയിൽ അല്പാല്പം പ്രണയം പകർന്നുകൊണ്ടാണു കഴിഞ്ഞിരുന്നത്. അക്കാലത്തെ പ്രസിദ്ധീകരണങ്ങളിൽ പലതിലും അത്തരത്തിലുള്ള കവിതകൾ പലതും കാണാം. കൊല്ലത്തുനിന്നു 1921-ൽ പ്രസിദ്ധപ്പെടുത്തിവന്ന ‘കേരളീയ കത്തോലിക്കൻ’ എന്ന സാഹിത്യമാസികയിൽ ഒട്ടധികം കവിതകൾ മുണ്ടശ്ശേരി അക്കാലത്ത് എഴുതിയിരുന്നതു് ഈ ലേഖകൻ്റെ ഓർമ്മയിൽ വരികയാണ്. അതിൽ ‘സത്യസംരക്ഷണം’ എന്നൊരു ഖണ്ഡകാവ്യംതന്നെ എട്ടുപത്തു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിരുന്നു. പുസ്തകരൂപത്തിൽ വന്നിട്ടുള്ളതായി അറിയുവാൻ കഴിഞ്ഞിട്ടില്ല. 1103-ൽ തൃശൂർ ഭാരതവിലാസത്തിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘ചിന്താമാധുരി’ ഒരു കാവ്യസമാഹാരമാണ്. 18 ലഘുകവിതകൾ അതിൽ അടങ്ങിയിരിക്കുന്നു. ഓരോന്നിലും മാധുര്യമുള്ള ചിന്തയാണു് അടങ്ങിയിട്ടുള്ളതെന്നു പറയാം. ദാനത്തെപ്പറ്റി കവി പറയുന്നതു കേൾക്കുക:

നന്മനസ്സില്ലാതെ ദാനം നടത്തിയാൽ
നന്മകൾ കൈവരില്ലേതവനും;
പാശമൊന്നേകിയാൽ പോരാ, അതിൻ തല
പാണിയാൽ നമ്മൾ പിടിച്ചിടേണം
എങ്കിലേ വെള്ളത്തിൽ വീണവനും കയ-
റിട്ടോനും നന്മകൾ സിദ്ധമാവൂ.