ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
സംസ്കൃതവൃത്തത്തിൽ എഴുതിയിട്ടുള്ള കവിതകൾക്കാണു ശയ്യാഗുണം കൂടുതൽ കാണുന്നതു്, ചിലതു നോക്കുക. കവി ‘കോകിലത്തി’നോട് പറയുകയാണു്:
കേൾവിപ്പെട്ടൊരു പക്ഷിവീര! ദിവസം
തോറും ഭവ,നീലസ-
ന്മാവിൻ കൊമ്പിലിരുന്നു പാടിവരുമാ-
സ്സംഗീതസാരോൽകരം
ദ്യോവിൽദ്ദേവഗണം പൊഴിക്കുമരുമ-
പ്പാട്ടെന്നപോൽ പാവനം
ഭൂവിണ്ണായ് പകരുംവിധത്തിലവസ-
ന്മാധുര്യസംപൂരിതം…
ഓമൽ കോകിലമേ! ക്ഷണത്തിലതിനാൽ നമ്മൾക്കു രണ്ടാൾക്കുമീ
ധാമത്തിൻ നികടം വെടിഞ്ഞൊരു വനപ്പൂന്തോപ്പിനെപ്പൂകിടാം
ഗ്രാമച്ചന്തയിലെ തിരക്കിനിടയിൽക്കാണാവതാമല്ലലിൻ
സ്തോമത്തിൽക്കലരാതെ കാട്ടിനകമേ നമ്മൾക്കു ജീവിച്ചിടാം.
ഈ സമാഹാരത്തിലെ ശാശ്വതധർമ്മം, സ്നേഹം എന്നീ കവിതകൾ ചേതോഹരങ്ങളും ഉൽക്കൃഷ്ടങ്ങളായ ലോകോക്തികൾ നിറഞ്ഞവയുമാണു്. കവി, ‘കത്തോലിക്കാ സഭ’യെപ്പറ്റി എഴുതിയിട്ടുള്ളതിൽനിന്നും ഒരു പദ്യം ഉദ്ധരിച്ചുകൊള്ളട്ടെ:
വാരാശിയിൽപ്പഥികരെശ്ശരിയാം വഴിക്കു
ചേരാൻ തുണപ്പൊരു വിളക്കുമരം കണക്കെ
നേരായ മോക്ഷവഴി മർത്ത്യതതിക്കു കാട്ടി-
പ്പേരാളുമിസ്സഭ സദാപി സമുല്ലസിപ്പൂ.
ചിന്താമാധുരിയിലെ ഓരോ കവിതയും, മഹാകവി വള്ളത്തോൾ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ ആസ്വാദനപ്രവണമായ ഹൃദയത്തെ ആനന്ദിപ്പിക്കാതിരിക്കയില്ല.