പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

കുട്ടിക്കൃഷ്ണമാരാർ: സുപ്രസിദ്ധനിരൂപകനായ കുട്ടിക്കൃഷ്ണമാരാർ വന്നേരി സാവിത്രി അന്തർജ്ജനം എന്ന പേരിൽ ‘കറുകമാല’ എന്ന ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കറുകമാലയിൽ പതിനൊന്നു ചെറുകവിതകൾ അടങ്ങിയിരിക്കുന്നു. ചൈതന്യ സമുജ്ജ്വലമായ ‘സമരകാഹള’ത്തിൽനിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:

അടുക്കളയ്ക്കുള്ളിലടച്ചു പൂട്ടുവാൻ
കുടയ്ക്കുള്ളിലാക്കിക്കുടുക്കി നിർത്തുവാൻ
അധിവേദനത്തിൻ പിശാചിന്നു ജീവ-
രുധിരധാരയാൽക്കുരുതിതീർപ്പാൻ,
അനുവദിക്കില്ലിനിമേൽ; നമ്മളും
മനുഷ്യർ തന്നെയാണവരിലാർ മേലേ?
പരിഷ്കാരം വേണം, പരിജ്ഞാനം വേണം
പുരന്ധ്രിമാർകൾക്കും പുരുഷന്മാർക്കൊപ്പം
അവർക്കും ജീവിപ്പാനവകാശം വേണം
അവകാശം വേണം വളർന്നിടുവാനും
അടങ്ങുകില്ലതു ലഭിപ്പോളം നമ്മ-
ളടരാടും നമ്മളതു ലഭിപ്പോളം
വെളിച്ചം കിട്ടണം, വെളിച്ചം നമ്മൾക്കു
വിളിക്കുകീയസ്മൽ സമരകാഹളം.