പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

കെ. പി. ജി. നമ്പൂതിരി: വിപ്ലവാവേശം വളർത്തുന്ന വിശപ്പിന്റെ ഗാനങ്ങൾ രചിക്കുന്നതിലായിരുന്നു കെ. പി. ജി. വിദഗ്ദ്ധനായിരുന്നതു്.

എൻ്റെ പേർ വിശപ്പെന്നാണടിമസാമ്രാജ്യത്തെ
തുണ്ടുതുണ്ടാക്കിത്തീർത്തേ ഞാനടങ്ങുകയുള്ളു

എന്നു ഗ‍‍‍‌‍ർജ്ജിക്കുന്ന ‘അക്രമി’ തന്നെയായിരുന്നു ഗാനരചനയിൽ അദ്ദേഹം. സ്വാതന്ത്ര്യസമരകാലത്തു വളരെയധികം കൃതികൾ അദ്ദേഹമെഴുതിയിട്ടുണ്ട്. 1917 മുതൽ 1973 വരെയായിരുന്നു കെ. പി. ജി.യുടെ ജീവിതം.

കെ. ഏ. ദാമോദരമേനോൻ: ഈ പേരു കേൾക്കുമ്പോൾ കേരളീയരിൽ പലരും പലവിധത്തിലാണു് അദ്ദേഹത്തെ കാണുക. സ്വതന്ത്രഭാരതം കെട്ടിപ്പടക്കുന്നതിൽ ഉപ്പുസത്യാഗ്രഹം, നിസ്സഹകരണപ്രസ്ഥാനം, ക്വിററ് ഇന്ത്യാ പ്രസ്ഥാനം എന്നിത്യാദികളിലെല്ലാം സജീവമായി പങ്കെടുത്തു പലതവണ ജയിൽവാസമനുഭവിച്ച ഒരു രാഷ്ട്രസേവകനായി ദാമോദരമേനോനെ രാഷ്ട്രീയക്കാർ കാണുമായിരിക്കാം. ഐക്യകേരളസമിതി തുടങ്ങിയവയുടെ സെക്രട്ടറി, കേരളത്തിലെ ഒരു വ്യവസായമന്ത്രി എന്നീ സ്ഥാനങ്ങളിൽ ഇരുന്നു പ്രശസ്ത സേവനം നിർവ്വഹിച്ച ഒരു ജനസേവകൻ എന്ന നിലയിൽ പലരും അദ്ദേഹത്തെ അറിയുമായിരിക്കാം. കോൺഗ്രസ്സിലെ ഇന്നത്തെ യുവതലമുറ തങ്ങളുടെ ഒരു രാഷ്ട്രീയഗുരുവായി അദ്ദേഹത്തെ ദർശിക്കുന്നുണ്ടാവാം. ഒരു ദേശീയപത്രമായ മാതൃഭൂമിയുടെ പത്രാധിപർ എന്ന നിലയിൽ ചിരകാലമായി വർത്തിക്കുന്ന അദ്ദേഹത്തെ ഒരു പത്രപ്രവ‍‍‍‌‍ർത്തകൻ എന്ന നിലയിലും പലരും അറിയുന്നുണ്ടായിരിക്കാം. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജീവിതത്തിൻ്റെ ഏറിയ ഭാഗവും ചെലവഴിക്കുന്നതിനുമുമ്പ് – ചിലപ്പോൾ അതിനിടയിലും – അദ്ദേഹം സാഹിത്യലോകത്തിൽ, വിശേഷിച്ചു കാവ്യശാഖയിൽ, ഒരു കവിയും കലാകാരനുമായി ശോഭിച്ചിരുന്ന വസ്തുത അറിയുന്ന കേരളീയർ ഇന്നു് അധികമൊന്നും കാണുകയില്ല.