പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

കേരളത്തിലെ പഴയ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ പലതിലും ദാമോദരമേനോനെ ഒരു കവിയെന്ന നിലയിൽ ഇന്നും നമുക്കു കാണുവാൻ കഴിയും. അവയിൽ പലതും സമാഹരിച്ച് അടുത്തുതന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുവാൻ പോകുന്നതായറിയുന്നു. ചിലതു നോക്കുക. ‘പുഷ്പം കണ്ടപ്പോൾ’ എന്ന കവിതയിൽനിന്നു് ഒരു ഭാഗമാണു് താഴെ ഉദ്ധരിക്കുന്നതു്:

ഓമനപ്രസൂനമേ നിന്നിൽ ഞാനഭൗമമാ-
മാമോദത്തിളപ്പിന്റെ സൗഭഗം സന്ദർശിപ്പൂ!
തൊട്ടിടാൻ ഭയമെനിക്കഴകിൻസത്തേ! നിൻ്റെ
പട്ടിളം ദളങ്ങളിലത്രയും പവിത്ര നീ
മംഗലപ്രഭാതം നിൻ മഞ്ജുളസ്മിതത്തിൻ്റെ
ഭംഗികണ്ടാനന്ദാശ്രുതൂകുന്നു; തെളിയുന്നു,
കോമളക്കുളിർകാറ്റു വന്നുനിന്നംഗം പുൽകി
കോൾമയിർകൊണ്ടീടുന്നു; കൊഞ്ചിനിന്നാടീടുന്നു.
ബാലഭാസ്കരൻ നിന്നെ കാണുവാനനുരാഗ-
ലോലനായ് കിഴക്കുനിന്നെത്തിനോക്കുന്നു മന്ദം
വാനിനുമവനിക്കും നീയൊരുത്സവം നവ്യ-
സൂനമേ ഞാനും നിൻ്റെ ദീപ്തിയിലാറാടാവൂ!

പ്രഭാതത്തിൽ മഞ്ഞുതുള്ളികൾ വീഴുന്നത്, പ്രഭാതദേവത പൂവിൻ്റെ മഞ്ജുളസ്മിതത്തിൻ്റെ ഭംഗി കണ്ട് ആനന്ദാശ്രു പൊഴിക്കുന്നതായുള്ള കവിയുടെ ഭാവന മനോഹരമെന്നേ പറയേണ്ടു. ‘പാലംപണി’ എന്ന കവിത വായിച്ചപ്പോൾ വൈലോപ്പിള്ളിയുടെ മാമ്പഴത്തിൻ്റെ അനുഭവമാണു് ഹൃദയത്തിൽ വന്നുചേർന്നതു്.