ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
മുറ്റത്തു മാമഴ വെള്ളമൊലിച്ചുപോ-
മുറ്റിലിറങ്ങിയിരുന്നു കുട്ടൻ….
‘അമ്മയ്ക്കു കേറി നടക്കുവാൻ പാലമൊ-
ന്നുണ്മയിൽ തീർത്തുകഴിഞ്ഞല്ലോ ഞാൻ’
എന്നഭിമാനിക്കുന്നു. അച്ഛനും പുത്രൻ്റെ നിർമ്മാണവൈഭവം കണ്ടാഹ്ളാദിക്കുന്നു. ഈ ഘട്ടത്തിലാണ്, പുത്രൻ്റെ ഖേലനവൃത്തിയിൽ കുപിതയായ മാതാവ് അടുത്തെത്തി, ചെളികൊണ്ടു മേലൊക്കെ പൂശിക്കഴിഞ്ഞല്ലേ? എന്നു ശാസിച്ചുകൊണ്ട് ആ പൂമെയ് നോവുമാറു് ഒന്നടിക്കുന്നതു്. കുട്ടി അച്ഛൻ്റെ അടുക്കലെത്തി സഗൽഗദം ചോദിക്കുകയാണ്-
”എന്തു തെറ്റാണച്ചാ! പാലമുണ്ടാക്കിയാ-
ലെന്തിനാണമ്മയടിച്ചതെന്നെ?
അന്നു നാം കേറിയ പാലം പണിതവ-
ന്നെന്നുമീമട്ടടി കിട്ടുന്നുണ്ടോ?”
ചൊല്ലി ഞാൻ ”പാലമുണ്ടാക്കിയതിനല്ല
തല്ലിയതോമനേ! നിന്നെയമ്മ
വെള്ളവും മണ്ണും ചെളിയുമീപ്പുമെയ്യി
ലെല്ലാമേ വന്നു പുരളുകയാൽ.”