പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

കണ്ണുനീർ കുഞ്ഞിക്കൈകൊണ്ട് തുടച്ചുനി-
ന്നുണ്ണി ചോദിക്കയാണേവം വീണ്ടും:
”വെള്ളവും മണ്ണും തൊടാതെ പണിയാമോ
ചൊല്ലണമച്ചാ! നമുക്കു പാലം.”

ചെറുതെങ്കിലും ഹൃദയഹാരിയായ ഒരു കവിത. ‘തിരുവാതിരക്കളി’യിൽ കവിയുടെ സാക്ഷാൽ അനുഭവംതന്നെയാണോ ചിത്രീകരിക്കുന്നതു്? തന്മയത്വം അഥവാ അനുഭവരസം അതിൽ അത്രമേൽ തുളുമ്പിവിലസുന്നു. ‘സന്ധ്യ’ എന്ന കവിതയിൽ കവിഭാവന തത്തിക്കളിക്കുകയാണു്. ഒടുവിലത്തെ ഏതാനും വരികൾ മാത്രം ഉദ്ധരിച്ചുകൊള്ളട്ടെ;

പശ്ചിമചക്രവാളം തുറന്നു തൻ
മച്ചു പൂകുന്ന സന്ധ്യ സസംഭ്രമം
പിന്നിൽ മേഘമുനയിൽ കുടുക്കിയ
പൊന്നുടയാട വക്കു വീടുവിക്കാൻ
ചന്തമേറും തനുലത താഴ്ത്തിത്തൻ-
ചെന്തളിരൊളിക്കൈവിരൽ നീട്ടുന്നു.

ദാമോദരമേനോനിലുള്ള കവിത്വം കാണിക്കുവാൻ ഇനിയും ഉദ്ധരണങ്ങൾ ആവശ്യമില്ല.

മേൽപ്രസ്താവിച്ച കവികളെപ്പോലെതന്നെ ഭാഷാകാവ്യമണ്ഡലത്തിൽ പ്രസ്താവയോഗ്യരായ കവികൾ ഇനിയുമുണ്ട്. ആർ. വാസുദേവൻകർത്താവ്, കടത്തനാട്ടു ശങ്കരവാരിയർ, അതിരമ്പുഴ സി. എം. സെബാസ്റ്റ്യൻ, കെ. കെ. രാഘവപ്പണിക്കർ, മുകുളയിൽ ജോസഫ് വാദ്ധ്യാർ, കീഴ്ക്കുളം രാമൻപിള്ള, വി. പി. പത്മനാഭൻ നമ്പൂതിരിപ്പാടു്, കൂർക്കമറ്റം സ്കറിയാ കത്തനാർ, തോട്ടം കൃഷ്ണൻ എളയതു്, വട്ടോളി കൊച്ചുകൃഷ്ണൻനായർ എൻ. ജെ. ഫ്രാൻസിസ്, പൊൻകുന്നം സെയ്തുമഹമ്മദ് തുടങ്ങിയ അനേകം പ്രസിദ്ധ കവികളെ ഞാൻ ഈ അവസരത്തിൽ അനുസ്മരിക്കുകയാണു്.