ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
ആസന്നമരണനായി കുരിശിൽ തൂങ്ങിക്കിടക്കുമ്പോഴും, തന്നെ ഉപദ്രവിച്ചുകൊണ്ടിരുന്ന ശത്രുക്കൾക്കുവേണ്ടി ക്രിസ്തു പ്രാർത്ഥിക്കുന്ന ഭാഗമാണിതു്. ശാകുന്തളം തർജ്ജമയിൽനിന്നുള്ള ഒരു പദ്യവും ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ :
അടുത്തിവിടെ വന്നൊരെൻ പ്രിയയെ വിട്ടു ചിത്രത്തിലാ-
യെടുത്തൊരവളെ പ്രിയന്തടവി നോക്കി നിന്നേനഹം
കുടിപ്പതിന്നു നീരെഴും പുഴകടന്നു മാർഗ്ഗത്തിലായ്
കടുത്തൊരു പിപാസയാൽ മരുമരീചി തേടുംവിധം. *
(പാലക്കാട്ടു പല്ലാവൂർ ഗ്രാമത്തിൽ ഗോവിന്ദപ്പട്ടർ എന്ന ഒരു സാത്ത്വിക ബ്രാഹ്മണൻ്റെ പുത്രനായി 1877-ൽ രാമയ്യർ ജനിച്ചു. 1896-ൽ ബി. എൽ. പരീക്ഷയിൽ പ്രശസ്തവിജയം നേടി. മുൻസിഫ്, ജഡ്ജി എന്നീ നിലകളിൽ ഉദ്യോഗംവഹിച്ചിട്ടുണ്ട്. കീർത്തനീയചരിതനായ രാമയ്യർ 1954 ജൂൺ 12-ാം തീയതി കോയമ്പത്തൂരുള്ള സ്വവസതിയിൽവച്ചു പരലോകപ്രാപ്തനായി.)