പദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)

പൊൻകുന്നം വി. ജെ. ജോസഫ്: ഹൃദയാഹ്ലാദകരങ്ങളായ കവിതകൾ കൊണ്ടു സഹൃദയരെ ആമോദിപ്പിച്ചിരുന്ന ഒരു കവിയാണു് പരേതനായ പൊൻകുന്നം ജോസഫ്. ‘ത്യാഗാദർശം’ എന്ന സമാഹാരത്തിൽ മംഗളോദയം, എന്തിനായന്വേഷിച്ചു, അന്നത്തെ രാത്രി, യൂദായുടെ ചതി, ആ പൂവൻകോഴി, കാൽവരിയിലേക്ക്, കുരിശിൻ്റെ വിജയം, ദിവ്യോത്ഥാനം ഇങ്ങനെ എട്ടു കവിതകൾ അടങ്ങിയിരിക്കുന്നു. ക്രിസ്തുവിൻ്റെ ധ്യാനയോഗ്യചരിതം സന്ദർഭോചിതമായി ആവിഷ്കരിച്ചിരിക്കുകയാണു് പ്രസ്തുത കവിതകൾവഴി ചെയ്തിട്ടുള്ളത്. പ്രഭാതത്തിൽ കോഴികൂവുന്നതിനെ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:

രാവിൻ്റെ യാമാന്ത്യങ്ങൾ ശരിയായറിഞ്ഞീടാൻ
ദൈവദൂതന്മാർ ചെയ്യും മഞ്ജുകാഹളധ്വനി
ഭഗവാൻ കർമ്മസാക്ഷിതന്നെഴുന്നള്ളത്തിനെ
ലോകരെദ്ധരിപ്പിക്കും രമ്യമാം കുഴൽനാദം
താമസംക്രാന്തതാന്തസ്വാന്തരായ്ക്കേഴും ജീവ-
സ്തോമത്തെയുണർത്തുന്ന മഞ്ജുളമണിനാദം. (ആ പൂവൻകോഴി)

ഇങ്ങനെ ഭാവനയും ഉല്ലേഖവും തത്തിക്കളിക്കുന്ന അനേകം ഭാഗങ്ങൾ ഓരോന്നിലും അടങ്ങിയിട്ടുണ്ട്.