ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
കെ. പി. പീറ്റർ: വി സി. ബാലകൃഷ്ണപ്പണിക്കരെപ്പോലെ അകാലത്തിങ്കൽ മൃതിയടഞ്ഞ ഒരു യുവകവിയത്രേ, എറണാകുളം സ്വദേശിയായ പത്രാധിപർ കെ. പി. പീറ്റർ. പീറ്ററുടെ പല കൃതികളും അപ്രകാശിതങ്ങളാണെന്നു തോന്നുന്നു. സ്വാഭാവികമായ സുഷമാവിലാസവും പ്രസാദവിശേഷവും അദ്ദേഹത്തിൻ്റെ കൃതികളിൽ സാർവ്വത്രികമായി കാണാവുന്ന തൃണങ്ങളത്രെ. ‘ഒരു ചെറുബാലികയുടെ കത്തിൽ നിന്ന്’ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
പ്രാലേയചാരുമഹനീയസുഗാത്രി, മന്ദ-
ഹാസാഭയാൽ ധരണിതൻ രുജയാറ്റിടുന്നോൾ,
മാതാപിതാക്കളുടെയോമന, കൊച്ചുകുട്ടി-
യാരാൽ വിളങ്ങുമൊരു പള്ളിയിലെത്തി മോദാൽ.
പങ്കംപെടാത്ത മതിയാർന്നിവൾ, ചെന്നപാടേ
തങ്കുന്ന ഭക്തിയൊടു മുട്ടുകൾ കുത്തിനിന്നൂ;
തിങ്കൾ പ്രസന്നമുഖി, ‘യാൾട്ടറി’ൽ നോക്കിയൊട്ടും
ശങ്കിച്ചിടാതെ കഥനങ്ങൾ തുടങ്ങിയേവം:
പ്രേമത്തഴപ്പു പുലരും മമ നാഥ! നിൻ്റെ-
യോമന്മുഖം സപദി കണ്ടു രസിപ്പതിന്നായ്,
ഹാ, മന്മനസ്സിലതി വാഞ്ഛയനുജ്ഞ തന്നാ-
ലീമട്ടു ഞാനിവിടെ രാപ്പകൽ നിന്നുകൊള്ളാം