ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ (തുടർച്ച)
ഭാഷായോഷയുടെ അകൃത്രിമലാവണ്യം ഈ വരികളിൽ വഴിഞ്ഞൊഴുകുന്നതും നോക്കുക.
മാണിക്കത്തനാർ: പണ്ഡിതവൃദ്ധനും സഹൃദയരത്നവുമായിരുന്ന ക. നി. മൂ. സ: മാണിക്കത്തനാർ 1939-ലാണ് മാന്നാനം ആശ്രമത്തിൽവച്ച് ചരമമടഞ്ഞതു്. ഗദ്യപദ്യങ്ങളായ അനേകം സൽകൃതികൾ അദ്ദേഹം സാഹിതീദേവിക്ക് ഉപഹാരമായി അർപ്പിച്ചിട്ടുണ്ട്. പദ്യകൃതികളിൽ പ്രാസംഗികൻ, സുഭാഷിതങ്ങൾ, ഭക്തഗീതാവലി എന്നിവയാണ് പ്രാധാന്യമർഹിക്കുന്നത്. നൈസർഗ്ഗീകമായ ലാളിത്യം, ഭാവഭംഗി, പ്രസാദം എന്നീ ഗുണങ്ങൾ കത്തനാരുടെ കവിതയുടെ ചില പ്രത്യേകതകളാണു് ചില പദ്യങ്ങൾ നോക്കുക:
ചിരിയും ദുഃഖവും തമ്മിൽ – പിരിയാറില്ലൊരിക്കലും
സന്തോഷമവസാനത്തിൽ – സന്താപത്തിൽ ലയിച്ചുപോം
ക്ഷോഭവും വരനിൽ കോപ – ശീലവും വിളയിച്ചിടും
കാന്തയെ വിട്ടു കാന്താര – വാസമാണധികം സുഖം. (സുഭാഷിതങ്ങൾ)
വാടുന്നു പുല്ലുമൊരു വൃക്ഷശിഖാഗ്രഭാഗ-
ത്താടുന്ന പത്രനിരയും വെയിലേറ്റിടുമ്പോൾ
ഈടുള്ള ജീവനിവഹങ്ങളമിങ്ങു സിദ്ധി-
കൂടുന്നു ഭേദമതിനില്ല വികല്പമേതും. (പ്രാസംഗികൻ)