ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
ബാലഗോപാലൻ, നചികേതസ്സ്, ധ്രുവമാധവം, ഹരിശ്ചന്ദ്രൻ, വിദ്യാശംഖധ്വനി, അത്ഭുതപാരണ എന്നീ സംഗീതനാടകങ്ങൾ; കപിലോപാഖ്യാനം, മൂകാംബികാപുരാണം എന്നീ കിളിപ്പാട്ടുകൾ; ബാലഗോപാലൻ ആട്ടക്കഥ എന്നിവയാണു് കവിയുടെ മറ്റു ചില വാങ്‌മയങ്ങൾ. കുട്ടമത്തിൻ്റെ കവിതാ കാമിനി സഹൃദയന്മാരെ അധികവും ആകർഷിച്ചതു് പില്ക്കാലത്തു് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ലഘുകാവ്യങ്ങൾവഴിക്കായിരുന്നു. ‘രത്നചഷകം’ എന്ന കൃതി അങ്ങനെയുള്ള ലഘുകാവ്യങ്ങളുടെ ഒരു സമാഹാരമാണു്. വാർദ്ധക്യത്തിലെത്തിയ അവസരത്തിലും യുവചൈതന്യം തുളുമ്പുന്ന കവിതകളാണു. അദ്ദേഹം കൈരളീദേവിക്ക് അർപ്പിച്ചുകൊണ്ടിരുന്നതു്. ‘പുരോഗമനം’ എന്ന കവിതയിലെ ഒരു ഭാഗം നോക്കുക:
മുന്നോട്ടു പോക നാം മുന്നോട്ടു പോക നാം
മുന്നോട്ടു പോക നാം ലോകരേ! നിർഭയം
കുന്നോ കുഴികളോ മാർഗ്ഗങ്ങളിൽ കണ്ടു
പിന്നോക്കമേതും തിരിക്കേണ്ട നാം പദം
ഭൂതകാലത്തിൽ കടന്നു നാം വിസ്മൃതി
പ്രാതലാക്കിത്തീർത്ത വിഘ്നങ്ങളാണവ
അല്ലെങ്കിൽ വിഘ്നങ്ങൾ വിശ്വവിജയികൾ-
ക്കുല്ലാസമേകുന്ന മാറ്റുരക്കല്ലുകൾ !
ഇത്തരം കവിതകൾ ആരിലാണ് കർമ്മധീരതയും ആവേശവും ജനിപ്പിക്കാതിരിക്കുക? * (കാസർകോഡുതാലുക്കിൽ കുട്ടമത്തു ദേശത്ത് കുന്നിയൂർ ഗൃഹത്തിൽ ദേവകിയമ്മയുടേയും, മങ്ങാട്ട് ഉദയവർമ്മൻ ഉണിങ്ങിരിയുടേയും പുത്രനായി 1056 -ാമാണ്ടു കന്നിമാസം 27-ാം തീയതി കുഞ്ഞിക്കൃഷ്ണക്കുറുപ്പു ജനിച്ചു. 1102 മുതൽ നീലേശ്വരം രാജാസ് ഹൈസ്കൂളിൽ പണ്ഡിതരായി പ്രവൃത്തി ആരംഭിച്ചു. 1117-ൽ അദ്ദേഹത്തിൻ്റെ ഷഷ്ടിപൂർത്തിദിനത്തിൽ ചിറയ്ക്കൽ കോവിലകത്ത് രാമവർമ്മ വലിയതമ്പുരാൻ ‘മഹാകവി’ ബിരുദം നല്കി. 1118 കർക്കടകം 22-ാം തീയതി മഹാകവി ദിവംഗതനായി.)