പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

കെ. പി. കറുപ്പൻ: കഴിഞ്ഞ തലമുറയിലെ തലയെടുപ്പുള്ള ഒരു പ്രശസ്ത കവിയായിരുന്നു, കവിതിലകൻ കെ. പി. കറുപ്പൻ. ബാലാകലേശം നാടകം, ലളിതോപഹാരം കിളിപ്പാട്ട്, ശാകുന്തളം വഞ്ചിപ്പാട്ട്, ഉദ്യാനവിരുന്നു്, ഭർത്തൃപരിത്യക്തയായ ശകുന്തള, കൈരളീ കൗതുകം മൂന്നു ഭാഗങ്ങൾ, ജാതിക്കുമ്മി, സാമുദായികഗാനങ്ങൾ, കാളിയമർദ്ദനം ഓട്ടൻതുള്ളൽ എന്നിവയാണു് ഇദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ. ഭൈമീപരിണയം നാടകതർജ്ജമയും കറുപ്പൻ്റെ കൃതികളിൽ മുഖ്യമായ ഒന്നുതന്നെ. മനോജ്ഞങ്ങളായി മറ്റു ചില ഖണ്ഡകവിതകളും അദ്ദേഹം അപ്പോളപ്പോളായി കൈരളിക്കു സമർപ്പിച്ചിട്ടുണ്ട്. അർത്ഥഭംഗി, ശബ്ദസുഖം, അക്ലിഷ്ടമായ ശയ്യ എന്നിവ കറുപ്പൻ്റെ കവിതയ്ക്കുള്ള പ്രത്യേകതകളാകുന്നു.

ഭർത്തൃപരിത്യക്തയായ ശകുന്തളയിൽനിന്നു് ഒന്നുരണ്ടു പദ്യങ്ങൾ ഇവിടെ എടുത്തു കാണിക്കാം. ശകുന്തളയുടെ ദയനീയസ്ഥിതിയെ കവി വർണ്ണിക്കുകയാണു്:

”അന്യയെ’ന്നരച’നൂഢയെന്നു” തൻ-
വന്യബന്ധുജനവും ത്യജിക്കയാൽ
ദൈന്യവാർദ്ധിയിലുഴന്നു, മേനകാ
കന്യ, നാവികരൊഴിഞ്ഞ നൗകപോൽ.

ലോകലോചനനിരയ്ക്കു നൽസുധാ-
സേകമായ നവയൗവനത്തിൽ, നീ
ഏകയായ്, വിധിപിഴയ്ക്കുകിൽ, തുണ-
യ്ക്കാകയില്ല വിഭവങ്ങളൊന്നുമേ.