ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
മദ്രാസ് ഗവർണ്ണരായിരുന്ന ഘോഷൻപ്രഭു 1101 തുലാമാസത്തിൽ കൊച്ചി സന്ദർശിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം നടത്തപ്പെട്ട ഉദ്യാനവിരുന്നിൽ ജാതിചിന്തമൂലം, ക്ഷണിക്കപ്പെടാതിരുന്നതിലുള്ള ഹൃദയവ്യഥയെ പ്രകടമാക്കിക്കൊണ്ടു്, കവി മാടഭൂപനു് അടിയറവെച്ച ഒരു സുന്ദരകാവ്യമാകുന്നു, ‘ഉദ്യാനവിരുന്ന്’. അതിലെ ചില പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:
ആചാരപ്പടി പാർത്തുകാൺകിലടിയൻ സദ്ധീവരൻ, നല്പെഴു-
ന്നാചാന്താഗമ വാർദ്ധിമുത്തണികയാലമ്മട്ടിലും ധീവരൻ,
ആചാര്യത്വവുമുണ്ട്, ചാരു ധിഷണാനിസ്തേജിതാമർത്ത്യലോ-
കാചാര്യോത്തമ! പിന്നെയെന്തടിയനെക്കാപ്പിക്കു തോല്പിക്കുവാൻ?
ലാവണ്യക്കടലായിരുന്നൊരരയപ്പെണ്ണേതു? കണ്ണേല്ക്കുമാ-
റാവഞ്ചിക്കു കടത്തിറക്കുമവളെക്കാമിച്ചു വേട്ടുള്ളതാർ?
ആ വന്ദ്യോത്തമറാണിതൻ്റെ ഭവനക്കാർക്കിന്നു ടീപ്പാർട്ടിയിൽ
കേവഞ്ചിത്തല; ധിക്കരിച്ചിഹ പുരാവൃത്തങ്ങളേ നിങ്ങളേ.
മാലോകർക്കു മതിപ്രമോദമരുളും ശ്രീമന്മഹാഭാരതം,
ചേലോലും തദുപജ്ഞമായി വിലസും ശാകുന്തളം നാടകം,
ഈ ലോകോത്തരസൃഷ്ടിരണ്ടുമതുലം ചേലൊത്ത വാലത്തിത-
ന്നാലോലാമല നീലനീരദമിഴിത്തുമ്പിൻ്റെ വമ്പല്ലയോ?