പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

കാളിന്ദീനദിയിങ്കലന്നു കമലപ്പൂമ്പൈതൽ കൂപ്പുന്നൊര-
ക്കാളിപ്പെണ്ണു സലീലമത്തരണിയിൽത്തൃക്കാലണയ്ക്കായ്കിലോ,
കേളിപ്പെട്ട പരാശരന്നഭിനവദ്വീപിൽ പ്രകാശോദയം
മേളിക്കും ഭുവനൈകവന്ദ്യതനയൻ സഞ്ജാതനായീടുമോ?

ആ ലാവണ്യപയോധിയാകുമരയപ്പെണ്ണിന്നൊരുണ്ണിക്കിടാ-
വാലാക്കിൽ സ്പൃഹണീയവെണ്മണലണിദ്വീപിൽപ്പിറയ്ക്കായ്കിലോ
നൂലാമാലകൾ തീർത്തു മാമറകളെദ്ദോഷജ്ഞർ വാഴ്ത്തും വിധം
നാലായിട്ടു പകുക്കുവാനിതരനാരുണ്ടായിരുന്നൂ വിഭോ?

വിനയമസൃണമെങ്കിലും ഇത്രയും ധീരതയോടുകൂടി നാടുവാഴുന്ന ഒരു മഹാരാജാവിൻ്റെ സന്നിധിയിൽ ഇത്തരം ഒരു കവിത സമർപ്പിക്കാൻ അക്കാലത്തു കറുപ്പനല്ലാതെ മറ്റൊരു കവിപുംഗവനു് ധൈര്യം വരുമോ എന്നു സംശയമാണു്.