ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
കവിയുടെ ‘ബാലാകലേശം’ നാടകം പ്രചണ്ഡമായ വാദപ്രതിവാദത്തിനു വിഷയീഭവിച്ച ഒരു വിശിഷ്ടകൃതിയാണെന്നു സഹൃദയന്മാർക്കറിവുള്ളതാണല്ലൊ. ക്ഷീണവും നിരാശയും പ്രകടിപ്പിക്കാതെ പ്രതികൂലപരിതഃസ്ഥിതികളോടു പല പ്രകാരത്തിലും എതിരിട്ടു സാഹിത്യക്ഷേത്രത്തിലും, സമുദായരംഗത്തിലും ഒന്നുപോലെ അഭ്യസൂയാർഹമായ വിജയം കൈവരിച്ച ഈ കർമ്മധീരൻ തൻ്റെ പിൻഗാമികൾക്കു് ഒരു മഹദാദർശവും, സുഗമമായ ഒരു സഞ്ചാരമാർഗ്ഗവും തെളിച്ചുകഴിഞ്ഞിട്ടുണ്ടെന്നു നിസ്സംശയം പറയാം. * (ധീവര (വാല) സമുദായത്തിൽപ്പെട്ട കറുപ്പൻ, ഇടപ്പള്ളിക്കു വടക്കുഭാഗത്തുള്ള ചേരാനല്ലൂർ ദേശത്തു് കണ്ടത്തിൽപ്പറമ്പിൽ അയ്യൻ്റെയും, കൊച്ചുപെണ്ണിൻ്റെയും പുത്രനായി 1060 ഇടവം 12-ാം തീയതി ജനിച്ചു. കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ എന്നീ കോവിലകങ്ങളിലെ പണ്ഡിതന്മാരിൽനിന്നു സംസ്കൃതത്തിലെ ഉപരിഗ്രന്ഥങ്ങൾ പലതും അഭ്യസിക്കുവാൻ കഴിഞ്ഞു. 1086-ൽ കൊച്ചിയിലെ മത്സ്യ വ്യവസായ വകുപ്പിൽ ഒരു ഗുമസ്തനായി പ്രവേശിച്ച കറുപ്പൻ, പടിപടിയായി ഉയർന്നു്, അധഃസ്ഥിതോപസംരക്ഷകൻ, നാട്ടുഭാഷാസൂപ്രണ്ട്, മഹാരാജകലാലയത്തിലെ ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയുണ്ടായി. മദിരാശിയിൽ വച്ച് തീപ്പെട്ട കൊച്ചി മഹാരാജാവു് ‘കവിതിലകൻ’ എന്ന ബിരുദം നല്കി. 1113 മീനമാസം 10-ാം തീയതി എറണാകുളത്തുവച്ച് യശഃശരീരനായി.)