ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
മേലങ്ങത്ത് അച്യുതമേനോൻ: മണിപ്രവാളത്തിൻ്റെ മനോജ്ഞമായ മാധുര്യം അച്യുതമേനോൻ്റെ കൃതികളിൽ എവിടെയും നിറഞ്ഞുകാണാം. സന്ദർഭാനുസൃതമായ പദഗുംഫനം വിശേഷിച്ചും പ്രസ്താവയോഗ്യമാകുന്നു:
ശങ്കാഹീനം സരോജോത്ഭവ സുകൃതസുധാരാശിയാം തയ്യലാൾതൻ
പൊങ്കാൽ പൂവിൻ മധൂളീപരിമളലഹരീസഞ്ചരൽചഞ്ചരീകേ
പങ്കാപേതം വിളങ്ങും പരിണതകവിതേ! ചാരുസാരസ്വതോദ്യൽ-
ഝങ്കാരാനന്ദഗാനാൽ പുളകമിഹ രസജ്ഞർക്കു നീ ചേർക്കുകെന്നും.
‘വഞ്ചിരാജീയ’ത്തിലെ പ്രഥമശ്ലോകമാണിതു്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാൾ രാമവർമ്മയുടെ ഷഷ്ടിപൂർത്തിദിവസം തിരുമുൽക്കാഴ്ച വെക്കുവാൻ വേണ്ടി നിർമ്മിച്ച ഒരു കൃതിയാണു് വഞ്ചിരാജീയം. അച്യുതമേനോൻ്റെ മറ്റു കൃതികളിൽനിന്നുകൂടി ചിലത് ഉദ്ധരിച്ചുകൊള്ളട്ടെ:
ധ്യാനത്തിൽത്തന്നെയന്തഃകരണതലമുറപ്പിച്ചു കല്യാണഭാവി–
സ്ഥാനപ്രാപ്ത്യർത്ഥമഭ്യർത്ഥന ദിനകരനിൽ സാദരം ചേർത്തുനില്ക്കേ,
പീനശ്രീ പത്മലോഭാലിവളുടെ വദനംചെന്നു ചുംബിച്ചു മേന്മേ–
ലാനന്ദാമന്ദഗാനാമൃതലഹരിപെരുക്കുന്നു പുഷ്പന്ധയങ്ങൾ.