ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
ഝങ്കാരംകൊണ്ടു വണ്ടിൻതതി, കരനിരയാൽ ഭാനുമാൻ ചാരുമാദ്ധ്വീ–
സങ്കാശാനന്ദഗാനാൽ ചെറുകിളികളിളംമർമ്മരത്താൽ മരങ്ങൾ,
ശങ്കാഹീനം പ്രഭാതപ്രകൃതി മുഴുവനിമ്മട്ടിലാശീർവദിക്കെ
ത്തൻ കാമപ്രാപ്തിയുണ്ടോ ജവമിവളിലുദിച്ചുല്ലസിക്കാതിരിപ്പൂ? (ഒരു യുവതിയുടെ പ്രഭാതധ്യാനം)
കണ്ടാൽ കണ്ണിനിളംസുധാഗുളികയോ, ‘ധാതാവുതൻ നിർമ്മിതി–
യ്ക്കുണ്ടായുള്ളൊരു സാരമോ’ സ്മരമദാംഭോധിക്കു പൂന്തിങ്കളോ
തണ്ടാർമാനിനി താണ്ഡവത്തിനു കൊളുത്തീടും വിളക്കോ തളിർ–
ച്ചുണ്ടാളാമിവളാത്മദീപ്തി വിഭവാലുൾപ്പൂ ഹരിപ്പു തുലോം.
ആരാണോ പ്രകൃതിപ്രശാന്തരമണീയശ്രീവിലാസം മുറ–
യ്ക്കാരാധിച്ചിഹ ചിദ്രസാമൃതഝരിക്കുള്ളിൽ കളിക്കുന്നവൻ?
ആരാജൽകവിരത്നമാത്മകമിതാവായെത്തിയീ വശ്യമാ–
മാരാമത്തിലമർന്നിടട്ടെ, മടവാർപ്പൊങ്കട്ടയിത്തയ്യലാൾ. (ഒരു വനകന്യക)
രചനാരീതി എത്ര സുഖപ്രദമായിരിക്കുന്നുവെന്നു നോക്കുക. സമഞ്ജസവും മനോഹരവുമായ ഇത്തരം പദ്യങ്ങൾ നിർമ്മിക്കുവാൻ അച്യുതമേനോൻ അതിസമർത്ഥനാണു്, ‘ചെറുപുഷ്പഹാരം’ എന്ന കൃതിയിൽ അതിലെ നായികയുടെ ജീവിതരീതിയെ വർണ്ണിക്കുന്ന ഭാഗത്തെ ഒരു പദ്യംകൂടി ഉദ്ധരിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം:
പാട്ടാണവൾക്കെപ്പൊഴുമേതു മുള്ളിൻ
പടർപ്പിലെപ്പൂക്കളെ നുള്ളിയാലും
എത്രയ്ക്കതിനു മുള്ളിനു മൂർച്ചകൂടു–
മത്രയ്ക്കു ഗീതിക്കു കൊഴുപ്പുമേറും.
അച്യുതമേനോൻ്റെ കൃതികൾ സമാഹരിച്ചു് മേലങ്ങൻ കൃതികൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. * (1968 ഒക്ടോബർ 5-ാം തീയതി ഈ പ്രശസ്തകവി തൃശ്ശൂർ രാമവർമ്മപുരത്തുള്ള വസതിയിൽവച്ച് യശഃശരീരനായി.)