ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
എം. ആർ. കൃഷ്ണവാര്യർ: ഭാഷാകവനസാമ്രാജ്യത്തിൽ പേരും പെരുമയും ധാരാളമായി സമ്പാദിച്ച ഒരു കവിയാണ് എം ആർ. കൃഷ്ണവാരിയർ, സുന്ദരമായ ശയ്യ, അകൃത്രിമമായ ആശയപ്രവാഹം എന്നിവ വാര്യരുടെ കവിതയ്ക്കുള്ള ചില ഗുണങ്ങളാണു്. ‘രീതിരാത്മാ കാവ്യസ്യ’ എന്നുള്ള മതം സഹൃദയസമ്മതമെങ്കിൽ, ഇദ്ദേഹത്തിൻ്റെ ‘സുമിത്ര’ മുതലായ കൃതികൾ ഉത്തമകാവ്യകോടിയിൽ ഉൾപ്പെടുത്തി പറയാവുന്നതാണ്. രമണീയങ്ങളായ പല ഉല്ലേഖങ്ങളും, സ്വാഭാവികങ്ങളായ പല വർണ്ണനകളും വാരിയരുടെ കൃതികളിൽ പ്രോല്ലസിക്കുന്നതു കാണാം. ‘സുമിത്ര’യിലെ ശാരദാകോവിലിൽ പ്രതിഷ്ഠചെയ്ത അംബികാബിംബത്തെ വർണ്ണിക്കുന്ന ഒരു ഭാഗമാണിത്:
അംബരത്തിലമൃതാംശുപോലെ, നീ-
ലാംബരത്തിലൊളിമിന്നലെന്നപോൽ,
അംബുജംപടി സരസ്സി,ലുല്ലസൽ-
ക്കംബുവിൽക്കളനിനാദമെന്നപോൽ,