ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
ദേഹിപോലെ തനുവിൽ,സ്സമുജ്ജ്വലി-
ക്കുന്നതായ തിരിപോലെ റാന്തലിൽ,
ശാരദാമണിമനോജ്ഞബിംബമ-
ന്നുല്ലസിച്ചു പുതുതായ കോവിലിൽ.
ഈ ഭാഗം വായിക്കുമ്പോൾ ഉപമയുടെ വൈശിഷ്ട്യംകൊണ്ടു് ‘ഹാ! മൺകുടത്തിലെരിയുന്ന മണിപ്രദീപം,’ എന്നു തുടങ്ങുന്ന അനിരുദ്ധനിലെ പ്രസിദ്ധങ്ങളായ ചില ഉപമകൾ നമ്മുടെ സ്മൃതിപഥത്തിൽ വന്നുചേരാതിരിക്കുകയില്ല. ‘പ്രകൃതി’, ‘മൂന്നു സഹോദരികൾ’, ഭാർഗ്ഗവി, ഭാഗീരഥി, ഇന്ദിര, ഒരു വിയോഗം, ഉപേക്ഷിക്കപ്പെട്ട പൂവു്, ഭവാനി, കുരുംബ, തേവൻ, ചീരൻ, അണിഞ്ചൻ തുടങ്ങിയവയാണു കവിയുടെ മറ്റു പ്രധാനകൃതികൾ. ജാതിവ്യത്യാസത്തിൻ്റെ അർത്ഥശൂന്യതയേയും, സമുദായപരിഷ്കരണത്തിൻ്റെ ആവശ്യത്തേയും പ്രബോധിപ്പിക്കുന്നവയാണു് വാര്യരുടെ കൃതികളിൽ നല്ലൊരു ഭാഗവും. തേവൻ, ചീരൻ, അണിഞ്ചൻ മുതലായ കൃതികൾ ഒന്നാംതരം പുരോഗമന കവിതകളാണു. വാര്യരുടെ എല്ലാ കൃതികളും, ‘എം. ആർ. കൃഷ്ണവാര്യരുടെ കൃതികൾ’ എന്ന പേരിൽ രണ്ടു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. *(ഹരിപ്പാട്ടു മാടശ്ശേരി വാര്യത്തു ലക്ഷ്മിവാരസ്യാരുടേയും ചെങ്ങാരപ്പള്ളി ദാമോദരൻ പോറ്റിയുടേയും പുത്രനായി 1058 വൃശ്ചികത്തിലെ പൂരുരുട്ടാതിനക്ഷത്രത്തിൽ കൃഷ്ണവാര്യർ ജനിച്ചു. 1908-ൽ ബി. ഏ. പാസ്സായി. 1909-ൽ തിരുവിതാംകൂർ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. ഒരു ക്ലാർക്കിൻ്റെ നിലയിൽ വിദ്യാഭ്യാസവകുപ്പിൽ പ്രവേശിച്ച വാര്യർ പ്രാപ്തികൊണ്ട് ഉയർന്നുയർന്നു് ഒടുവിൽ ഡിവിഷൻ ഇൻസ്പെക്ടരായിത്തീർന്നു. 1940-ൽ ഉദ്യോഗത്തിൽനിന്നു പെൻഷൻ പറ്റി പിരിഞ്ഞു. 1131 ചിങ്ങം 20-ാം തീയതി ഈ സാഹിതീസേവകൻ ദിവംഗതനായി.)