ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
പന്ത്രണ്ടു ഖണ്ഡങ്ങളായി 112 ചെറിയ ശ്ലോകങ്ങളിൽ അടക്കി ഒതുക്കിയിട്ടുള്ള ഈ കാവ്യത്തിലെ വർണ്ണനകൾ അതിദീർഘമോ അതിഹ്രസ്വമോ അല്ല. സൃഷ്ടിസ്ഥിതിസംഹാരരൂപമായ പ്രപഞ്ചഗതിയെപ്പാറ്റിയുള്ള ഒരു സാമാന്യാവ ലോകനമാണു ആദ്യത്തെ ഖണ്ഡത്തിൽ. അവസാനഖണ്ഡത്തിലാകട്ടെ, ആ സന്താനമെങ്കിലും ലഭിക്കാതൊപോയ തൻ്റെ നിർഭാഗ്യസ്ഥിതിയോർത്തു കവി കണ്ണുനീർ തൂകുകയും, പിരിഞ്ഞുപോയ പ്രണയത്തിനു ശാശ്വതശാന്തി നേരുകയും ചെയ്യുന്നു. ഇതിൽ നിന്നു വർണ്ണനുകളുടെ സ്വഭാവം ഊഹിക്കാമല്ലോ.
ആശയഗതിക്കു ചിലേടത്തു് തടസ്സമുണ്ടെങ്കിലും, കാവ്യരസത്തിൽ മുങ്ങി മുന്നോട്ടു നീങ്ങുന്ന അനുവാചകനു് അത് അപ്രതിഹതമായേ തോന്നൂ. ശബ്ദാർത്ഥങ്ങൾക്ക് ഇത്രമാത്രം തുല്യഭംഗിയുള്ള കൃതികൾ മലയാളത്തിൽ സുദുർല്ലഭമാണ്. “അറിവിൻ്റെ നിശ്വാസവും സൂക്ഷ്മതരമായ ചൈതന്യവുമാകുന്നു കവിത; അതു വിജ്ഞാനസർവ്വസ്വത്തിൻ്റ മുഖത്തുള്ള ചേതോവികാരപ്രകടനമാകുന്നു” എന്നു വേഡ്സ് വർത്ത് അഭിപ്രായപ്പെട്ടിട്ടുള്ളതു് കണ്ണുനീർത്തുള്ളിയെ സംബന്ധിച്ചിടത്തോളം എത്രയും അർത്ഥവത്തുതന്നെ.