ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
വള്ളത്തോൾ ഗോപാലമേനോൻ: ഒരേ മൂലകുടുംബത്തിൽപ്പെട്ട ഓരോ ശാഖകളിലെ അംഗങ്ങളാണു്, മഹാകവി വള്ളത്തോളും, വള്ളത്തോൾ ഗോപാലമേനോനും. 1057 മുതൽ 1115 വരെയുള്ള കാലഘട്ടത്തിലാണ് ഗോപാലമേനോൻ ജീവിച്ചിരുന്നതു്. വളരെ കുറച്ചു കൃതികൾ മാത്രമേ ഗോപാലമേനോൻ എഴുതിയിട്ടുള്ളു. 16 ലഘുകവിതകൾ ഉൾക്കൊള്ളുന്ന ‘മധുമഞ്ജരി’യാണു പ്രധാനകൃതി. കവിയുടെ മനോജ്ഞമായ ഭാവനയും, ലോകനിരീക്ഷണവും സമഞ്ജസമായി അതിലെ ഓരോ കവിതയിലും മേളിച്ചു കാണാം. ‘രാവിലെ’ എന്ന കവിതയിൽ, തയിർ കടയുന്ന ഒരു ചിത്രം നോക്കുക:
തയിരിൻകണങ്ങളെക്കാപ്പണിക്കരങ്ങളി-
ലുയർത്തിത്തെറിപ്പിച്ചും, പൊള്ളകൾ പൊങ്ങിച്ചുമേ
ചഞ്ചലത്താം കടകോലിൻചുറ്റുമൂളിയിട്ടങ്ങു
ചഞ്ചലാക്ഷിതൻ കണ്ണിൽക്കളിപ്പൂ വെണ്ണപ്പൈതൽ.