പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

കവി ദന്തഗോപുരത്തിലിരുന്നു മനപ്പായസം ഉണ്ണാതെ താഴത്തെ ചുറ്റുപാടുകളിൽ കണ്ണോടിച്ചു സാധുക്കളുടെ ദൈന്യതയെ ചിത്രീകരിക്കയാണു വേണ്ടതെന്നുള്ള ഇന്നത്തെ വിപ്ലവാശയമാരുതൻ ശക്തിയായി വീശുന്നതിനു വളരെ മുമ്പുതന്നെ സാധുജനാനുകമ്പിയായ ഈ കവി എഴുതിയിട്ടുള്ള ഒരു പുരോഗമന കവിതയാണ് ‘ദൈവത്തിൻ്റെ കുറ്റക്കാർ’. പൊള്ളുന്ന വെയിലേറ്റു പൊരിഞ്ഞുതളർന്നുള്ള പിള്ളകളേയും തള്ളി, ഒരു തള്ള ഒരു വക്കീലിന്റെ പടിക്കകത്തു കടന്നു ധർമ്മം ചോദിക്കുന്നു. വക്കീലിൻ്റെ കല്പനയനുസരിച്ചു ഭൃത്യൻ അവരെ ആട്ടി പുറത്താക്കി വാതിൽ തഴുതിട്ടു എന്തോ വലിയൊരു കാര്യം സാധിച്ചതുപോലെ അയാൾ പറയുകയാണ്:

“ചെയ്യരുതിക്കൂട്ടർക്കു നാമൊരു സാഹായൃവും
ദൈവത്തിൻ കുറ്റക്കാരാമിവരെത്തുണച്ചെന്നാൽ
ദൈവകോപത്തിന്നിരയായീടുമല്ലോ നാമും;
കുറ്റത്തിലകപ്പെട്ട കൂട്ടരെത്തുണപ്പോരും
കുറ്റക്കാരാണെന്നല്ലോ നിയമം പറയുന്നു.”

”വക്കീലേ, ശരി, ശരി, നിയമജ്ഞനാണങ്ങ്-
വിക്കിയോതുവതെല്ലാം വിരുതിൻ നിയമങ്ങൾ
പണക്കാരെല്ലാവരും ദൈവത്തിൻ മര്യാദക്കാർ
പണമില്ലാത്തോരെല്ലാം ദൈവത്തിൻ കുറ്റക്കാരും
വയറുവീർപ്പിച്ചവർ ദൈവത്തിന്നിഷ്ടപ്പെട്ടോർ,
വയറൊട്ടിയ കൂട്ടർ ദൈവത്തിൻ വിരോധികൾ!
അമ്പടാ, പണത്തിൻ്റെ ഞായങ്ങൾ; മനുഷ്യൻ്റെ
ദംഭത്തിന്നിവ മേന്മേലിണച്ചം പൊട്ടിക്കുന്നു.”

കവിയുടെ പരിഹാസവും വിമർശവും കണക്കിനു ചെന്നേല്ക്കുന്നില്ലേ?