പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

തെങ്ങുമ്മൂട്ടിൽ വറുഗീസുമാപ്പിള്ള: നസ്രാണിദീപികയുടെ ആരംഭംമുതൽ വളരെക്കാലം അതിൻ്റെ പത്രാധിപരായിരുന്ന ഒരു സാഹിത്യപ്രവർത്തകനാണു് അടുത്ത കാലത്തു ദിവംഗതനായ വറുഗീസുമാപ്പിള. സാഹിത്യക്കളരിയിൽ പലതിലും കച്ചകെട്ടിയിറങ്ങി വിജയശ്രീവരിച്ചിട്ടുള്ള ഒരു കവിവര്യനുമാണ് അദ്ദേഹം. അർവ്വാചീനകവികളിൽ പൊതുവേ കണ്ടുവരുന്ന മണിപ്രവാളശുദ്ധി, വറുഗീസുമാപ്പിളയുടെ കൃതികളിലും ചേതോഹരമായി പ്രകാശിക്കുന്നുണ്ട്. ‘മാർത്തോമ്മാചരിതം’ മണിപ്രവാളമാണു് കവിയുടെ പ്രധാനകൃതി. സംസ്കൃതത്തിലുള്ള സുഭാഷിതങ്ങളിൽ ചിലതു ‘ഭാഷാസൂക്തിമാലിക’ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്. അതിൽനിന്നു് ഒന്നുരണ്ടു പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:

സാമർത്ഥ്യമേറുന്നവനും സഹായ-
മില്ലാതെ സാധിക്കുകയില്ല കാര്യം;
നിസ്സാരമാകുന്നുമിയെങ്കിലും കേ-
ളൊന്നും മുളയ്ക്കില്ലരിമാത്രമായാൽ,

ശ്രമങ്ങൾകൂടാതെ മനോരഥത്താൽ
കാര്യങ്ങളൊന്നും സഫലീഭവിക്കാ;
ഉറങ്ങിടും സിംഹവരൻ്റെ വായിൽ
കേറീടുമോ ചെന്നു മൃഗങ്ങൾ താനേ?