ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
മൂർക്കോത്തു കുമാരൻ: പ്രസിദ്ധ ഗദ്യകാരനായിരുന്ന മൂർക്കോത്തു കുമാരൻ ഒരു കവിയുമായിരുന്നു എന്ന വസ്തുത ഇന്നുള്ള പലർക്കും അറിഞ്ഞുകൂടാ. വീണപൂവ് എഴുതിയ കുമാരനാശാനെ തൻ്റെ പത്രാധിപത്യത്തിൽ നടത്തിയിരുന്ന മിതവാദിയിൽക്കൂടിയാണ് ഒരു കവി എന്ന നിലയിൽ ആദ്യമായി കേരളീയരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആംഗ്ലേയ കവിയായ ജോൺ കീററ്സിൻ്റെ ഇസബെല്ല എന്ന കാവ്യം മൂർക്കോത്ത് ആശാകുല എന്ന പേരിൽ സ്വതന്ത്രമായി പരിഭാഷപ്പെടുത്തി. ഉള്ളൂരിൻ്റെ അവതാരികയോടുകൂടി 1927-ൽ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
ഓരോ ദിനവുമുദിക്കുന്നതിനൊത്തു
പാരമായ് വർദ്ധിക്കും പ്രേമപൂരം
ഓരോ ദിനമിനനസ്തമിക്കും തോറും
ഏറിമുറുകീടും പ്രേമമെന്നും.
നാണുഗുരുസ്വാമികൾ നിർമ്മിച്ച ദർശനമാലയ്ക്കു മൂർക്കോത്ത് ഒരു പരിഭാഷ പുറപ്പെടുവിച്ചിട്ടുള്ളതും വിസ്മരിക്കാവുന്നതല്ല. വിദ്യാനന്ദസ്വാമികളുടെ ‘ദീധിതി’ എന്ന വ്യാഖ്യാനത്തെ ആസ്പദമാക്കിയാണ് പ്രസ്തുത വിവർത്തനം മൂർക്കോത്തു ചെയിട്ടുള്ളതെന്നും സുകുമാർ അഴീക്കോടും പ്രസ്താവിക്കുന്നു. രീതി കാണിക്കുവാൻ ഒരു പദ്യം മാത്രം ഉദ്ധരിച്ചുകൊള്ളട്ടെ.
ആസീദഗ്രേസാദവേദം-ഭൂവനം സ്വപ്നവൽപുന്നഃ
സസർജ്ജസർവ്വം സങ്കല്പ മാത്രേണ പരമേശ്വരാഃ
എന്നതിനു് കുമാരൻ ചെയ്തിട്ടുള്ള തർജ്ജമ നോക്കുക:
ആദ്യമുണ്ടായിരുന്നില്ല-ലോകം പിന്നെക്കിനാവുപോൽ
സങ്കല്പമൊന്നിനാൽ സർവ്വം-പടച്ചൂ പരമേശ്വരൻ.