പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

കുഞ്ഞപ്പ എഴുതിയിട്ടുള്ള മൂർക്കോത്തു കുമാരൻ്റെ ജീവചരിത്രത്തിൽ കുമാരൻ എഴുതിയിട്ടുള്ള കൃതികൾ കുറെയെല്ലാം കുറിച്ചിട്ടുണ്ട്. ഇലഞ്ഞിപ്പൂമാലയെപ്പറ്റിയുള്ള ഒരു ഭാഗം നോക്കുക:

”ഇലഞ്ഞിപ്പൂമാല, ഇലഞ്ഞിപ്പൂമാല
ഇലഞ്ഞിപ്പൂ വാങ്ങിൻ വണങ്ങുന്നേൻ”
ഒരു മാല തൻ്റെ മൃദുലകോമള
വിരലിൽച്ചേർത്തിരുകരവല്ലി

നലമോടു നീട്ടിയിടതുകൈത്തണ്ടിൽ
ചിലതു ഞാത്തിയുമൊരു ബാലാ
വഴിവക്കിൽനിന്നു പലരും കേൾക്കവേ
കുയിൽവാണി കൂകിപ്പറയുന്നു:

“ഇലഞ്ഞിപ്പൂമാല ഇലഞ്ഞിപ്പൂമാല
ഇലഞ്ഞിപ്പൂ വാങ്ങിൻ വണങ്ങുന്നേൻ.”

കണ്ണൻ ജനാർദ്ദനൻ എന്ന പേരിൽ പില്ക്കാലത്തു പ്രസിദ്ധനായ കുന്നത്തു ജനാർദ്ദന മേനോൻ മൂർക്കോത്തിനെപ്പോലെതന്നെ നല്ലൊരു ഗദ്യകാരനായിരുന്നു. അദ്ദേഹവും അക്കാലങ്ങളിൽ ചില പദ്യകൃതികൾ എഴുതിയിട്ടുണ്ട്.