ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
വി. വി. വേലുക്കുട്ടി അരയൻ: കരുനാഗപ്പള്ളിത്താലൂക്കിൽ ചെറിയഴീക്കൽ വിളാകത്തു വേലായുധൻ വൈദ്യൻ്റെ പുത്രനായി 1894-ൽ ജനിച്ച വേലുക്കുട്ടി അരയൻ അക്കാലത്തെ ശ്രദ്ധേയനായ ഒരു കവിയായിരുന്നു. അദ്ദേഹം സ്വസമുദായത്തിൻ്റെ ഉദ്ധാരണത്തിനാണു് കൂടുതൽ ശ്രമിച്ചിരുന്നതു്. പല മാസികകളുടേയും വാരികകളുടേയും പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കിരാതാർജ്ജുനീയം, ദീനയായ ദമയന്തി, പദ്യകുസുമാഞ്ജലി തുടങ്ങി പത്തോളം കൃതികൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
1969 മെയ് 31-ാം തീയതി പ്രസ്തുതകവി നിര്യാതനായി.
എം. എൽ. കമോയൻസ്: ജ്ഞാനവൃദ്ധനും വാസനാസമ്പന്നനുമായ ഒരു യൂറേഷ്യൻ കവിയാണ്, കൊല്ലം സ്വദേശിയായ കമോയൻസ്. അനേകം ഖണ്ഡകൃതികൾ ഇദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്.
വന്ദേ പദം വരദ! എന്നു കരഞ്ഞു കൂപ്പി
മന്ദേതരം ഭൃതകരോടൊരുമിച്ചു ‘നാമാൻ’
സന്ദേഹമറ്റു വിമലാഢ്യ മുനീന്ദ്രവന്ദ്യ-
സന്ദേശമാനിതമനസ്സൊടുടൻ നടന്നു.
അത്യന്തഭക്തിവിനയാന്വിത ധൈര്യവീര്യ-
കൃത്യങ്ങളാൽ പുകളെഴും ഭടവൃന്ദനാഥൻ
പ്രത്യഗ്രസുസ്ഥിതി ലഭിച്ചഴകോടു വീണ്ടും
സ്തുത്യർഹമായ കൃതകൃത്യതയിൽ കുളിച്ചാൻ.
ആലോലചിന്തകൾ വഴിഞ്ഞഥ ഭാവിജീവി-
താലോകനോത്സുകതയാർന്ന ഭടാധിനാഥൻ
ചേലോടനുഗ്രഹമിരന്നു യതീശ്വരൻ തൻ-
കാലോടു തൻ്റെ തലചേർത്തുരചെയ്തു വീണ്ടും (എലീശായും നാമാനും)
രസപ്രവാഹത്തിനും ശയ്യാഗുണത്തിനും ഹാനിവരാതെ, ഇങ്ങനെ അനായാസമായി സജാതീയദ്വിതീയാക്ഷര പ്രാസത്തോടുകൂടി കമോയൻസ് കാവ്യനിർമ്മാണം ചെയ്തിട്ടുള്ളതു കാണുമ്പോൾ, ഒരു സാക്ഷാൽ കേരളീയനോടുള്ളതിനേക്കാൾ കൂടുതലായി കാവ്യദേവതയ്ക്ക് ഇദ്ദേഹത്തോടു പക്ഷപാതമുണ്ടെന്നു തോന്നിപ്പോകുന്നു. കമോയൻസിൻ്റെ കവിതയ്ക്കുള്ള മറ്റൊരു ഗുണം, അനർഗ്ഗളമായ വാഗ്വിലാസവും, വായിക്കുന്നതോടുകൂടി അർത്ഥസ്ഫുടത തോന്നിക്കുന്ന പ്രസാദവുമാണ്.