പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

കവിതിലകൻ പി. ശങ്കരൻനമ്പ്യാർ: 1892 ജൂൺ 10-നു തൃശൂർ വെളിയന്നൂർ പുഷ്പകത്തു പരമേശ്വരൻനമ്പ്യാരുടേയും, പാർവ്വതി ബ്രാഹ്മണി അമ്മയുടേയും പുത്രനായി ജനിച്ച ശങ്കരൻനമ്പ്യാരാണു പില്ക്കാലത്ത് ഒരു ഇംഗ്ലീഷ് പ്രൊഫസ്സർ എന്ന നിലയിൽ പ്രസിദ്ധനായിത്തീരുകയും, കൈരളിയുടെ പോഷണത്തിനായി പലവിധത്തിൽ പ്രയത്നിക്കുകയും ചെയ്ത കവിതിലകൻ പി. ശങ്കരൻ നമ്പ്യാർ. നമ്പ്യാരുടെ ആദ്യത്തെ പദ്യകൃതി, 1088-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ‘പാലാഴിമഥനം ചമ്പു’വാണു്. അനാഗതശ്മശ്രുവായ ഈ അഭിനവചമ്പൂകാരൻ അന്നു ഒരു ഹൈസ്കൂൾവിദ്യാർത്ഥിയായിരുന്നു എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

പ്രസ്ഥാനത്രയം, സുവർണ്ണമണ്ഡലം എന്നിവയാണു് നമ്പ്യാരുടെ കവിതകളിൽ മുഖ്യമായിട്ടുള്ളതു്. സുവർണ്ണമണ്ഡലത്തിൽ അധികവും വേഡ്സ്‌വർത്ത്. ഷെല്ലി, കീററ്സ്, മിൽട്ടൻ, ഷേക്സ്പീയർ തുടങ്ങിയ ആംഗ്ലേയ കവികളുടെ കവിതകളുടെ ത‌ർജ്ജമകൾതന്നെയാണു്. പ്രസ്ഥാനത്രയത്തിൽ Ode, Sonnet, Monologue എന്നീ ആംഗ്ലേയകവിതാപ്രസ്ഥാനങ്ങൾക്കു ഗീതം, ഗീതകം, സ്വാഗതാഖ്യാനം എന്നീ പേരുകൾ നല്കി അവയുടെ ലക്ഷണങ്ങളും മാതൃകകളുമാണു പ്രദർശിപ്പിച്ചിട്ടുള്ളതെന്നു പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സ്വജീവിതത്തിൽ സവർവ്വത്ര പ്രത്യക്ഷപ്പെട്ടിരുന്ന മാധുര്യവും, പ്രകാശവും, വെടിപ്പും, ഭംഗിയും അദ്ദേഹത്തിൻ്റെ എല്ലാ കൃതികളിലും, കവിതകളിൽ വിശേഷിച്ചും, സ്പഷ്ടമായി കാണാം. വികാരമല്ല, വിചാമാണു നമ്പ്യാരുടെ കവിതകളിൽ കൂടുതൽ കളിയാടുന്നത്. ദ്രാവിഡ വൃത്തങ്ങളേക്കാൾ സംസ്കൃത വൃത്തങ്ങളെയാണു് അദ്ദേഹം കൂടുതൽ ആദരിച്ചിരുന്നതു്. കവി, ‘കവിതയോടു്’ ചെയ്യുന്ന ആത്മനിവേദനത്തിൽ നിന്ന് ഒരു പദ്യം ഇവിടെ ഉദ്ധരിക്കാം:

നേരംപോക്കിനുവേണ്ടിയാണയി; ഭവൽസ്സേവയ്ക്കു ഞാനാദ്യമാ-
യാരംഭിച്ചതു; പിന്നെയൊ, പിടിവിടാനാവാത്തൊരാവേശമായ്;
സ്വൈരം ത്വൽപരിചര്യ ചെയ്യുവതിനായ് ഹൃത്തിന്നടിത്തട്ടിലി-
ന്നേരം കാഞ്ചനകാഹളധ്വനി മുഴങ്ങുമ്പോൾ കുഴങ്ങുന്നു ഞാൻ.

1120-ൽ, അന്നു നാടുവാണിരുന്ന കൊച്ചി മഹാരാജാവിൽനിന്നു് പ്രൊഫസ്സർ നമ്പ്യർക്കു ‘കവിതിലക’ പദം ലഭിച്ചു. 1954 മാർച്ച് 20-ാം തീയതി ആ സഹൃദയ തിലകൻ നമ്മളിൽനിന്നു് എന്നെന്നേക്കുമായി അകന്നുപോയി.