പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

പി. വി. കൃഷ്ണവാരിയർ: കൈരളീകാവ്യലോകത്തിൽ പ്രാതഃസ്മരണീയനായ ഒരു മഹാപുരുഷനാണു് കോട്ടയ്ക്കൽ പി. വി. കൃഷ്ണവാരിയർ. നവീനന്മാരായ യുവകവികളെ ഒഴിച്ചാൽ ഈ ഇരുപതാംനൂറ്റാണ്ടിലെ കേരളീയകവികളിൽ വലിയൊരു പങ്കും, കൃഷ്ണവാരിയരുടെ പരിശീലനവും പ്രോത്സാഹനവും കൊണ്ടു വളർന്നിട്ടുള്ളവരാണെന്നുതന്നെ പറയാം. ‘കവനകൗമുദി’യാണു വാരിയരുടെ യശഃസ്തംഭമായിരുന്നത്. അതിനെ കേന്ദ്രമാക്കിയാണു് ഈ മഹാരഥൻ തൻ്റെ സാഹിതീസമുദ്യമങ്ങളിൽ അധികപങ്കും നിർവ്വഹിച്ചിട്ടുള്ളതു്.

1080 വൃശ്ചികം 1-ാം തീയതി മുതല്ക്കത്രെ കവനകൗമുദിയുടെ പുറപ്പാട്. അതിലെ സകല കുറിപ്പുകളും പദ്യരൂപത്തിലായിരുന്നു. പന്തളത്തു കേരളവർമ്മത്തമ്പുരാനായിരുന്നു ആദ്യത്തെ പത്രാധിപർ, 1085-ൽ 5-ാം വാള്യം 7-ാമത്തെ ലക്കം മുതല്ക്കാണ് വാരിയർ അതിൻ്റെ ആധിപത്യം ഏറെറടുത്തതു്. 1106 കന്നിവരെ തുടർച്ചയായി കൗമുദി നടന്നുവന്നു. വാരിയരുടെ നയവിശേഷമാണ്, ഇത്രയും ദീ‍‍‍‌‍ർഘകാലം ഒരു പദ്യമാസിക നിലനിറുത്തിപ്പോരുവാൻ കാരണമായതു്. അനേകം സല്ക്കവികളുടെ വിഹാരഭൂവായിരുന്നു അക്കാലത്തു കവനകൗമുദി. വള്ളത്തോളിൻ്റെ വിലാസലതിക, ഉള്ളൂരിൻ്റെ മാലതി, വി. സി ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം മുതലായ കൃതികൾ ഈ മാസികയിൽക്കൂടിയാണ് ആദ്യം പുറത്തുവന്നത്.