ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
യുവകവികളെ പ്രോത്സാഹിപ്പിക്കുന്നതിൽ പി. വി.ക്കുണ്ടായിരുന്ന ശ്രദ്ധയും താല്പര്യവും ചെറുതൊന്നുമായിരുന്നില്ല. സ്വന്തമായി കൃതികളെഴുതുന്നതിലല്ല മറ്റുള്ളവരുടെ കൃതികൾ തിരുത്തി നേരെയാക്കുന്നതിലായിരുന്നു പി.വി. തൻ്റെ സമയവും ശ്രദ്ധയും അധികവും വ്യയം ചെയ്തുവന്നതു്. കവികളെ പ്രോത്സാഹിപ്പിച്ചിരുന്നതോടൊപ്പം, ഭാഷാസാഹിത്യത്തിനു മറെറാരു സേവനംകൂടി കൃഷ്ണവാരിയർ ചെയ്കയുണ്ടായി. കവനകൗമുദിയുടെ വിശേഷാൽ പ്രതികളായി ‘ഭാഷാവിലാസം’ എന്ന പേരിൽ 9 പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയതായിരുന്നു അത്. മലയാളത്തിൽ ‘വിശേഷാൽ പ്രതി’ എന്നൊരിനം ആദ്യമായി തുടങ്ങിയതും കൃഷ്ണവാരിയർ തന്നെയായിരുന്നുവെന്നു തോന്നുന്നു.
കവനകൗമുദിക്കുപുറമേ മറ്റൊരുവഴിക്കും പി. വി., കാവ്യസമ്പത്തു പരിപോഷിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. മൺമറഞ്ഞ പല കവികളുടേയും അലഭ്യങ്ങളും നഷ്ടപ്രായങ്ങളുമായിത്തീർന്നുതുടങ്ങിയ കൃതികൾ ശേഖരിച്ച് ആധുനികരുടെ ശ്രദ്ധയിലേക്കു തിരിച്ചുകൊണ്ടുവന്നതു പി.വി.യാണു്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ഒടുവം, നടുവം, ഒറവങ്കര, വി. സി. ബാലകൃഷ്ണപ്പണിക്കർ, പെട്ടരഴിയം വലിയ രാമനിളയത് മുതലായവരുടെ കൃതികൾ ഈ ഇനത്തിൽ ഉൾപ്പെടുന്നു.