പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

ഒരു സാഹിത്യപോഷകൻ എന്ന നിലയിൽ മാത്രമല്ല, ഒരു കവി, ഗദ്യകാരൻ എന്നീ നിലകളിലും കൃഷ്ണവാരിയർ നമ്മുടെ അഭിനന്ദനങ്ങളെ അർഹിക്കുന്നുണ്ട്. അന്നത്തെ കാലഘട്ടത്തിനു യോജിച്ചവിധത്തിൽ രചനാസൗഷ്ഠവമുള്ള പല കൃതികളും രചിക്കയുമുണ്ടായി. ‘കവികേസരി’ എന്ന കൃതിയിൽ വാരിയരുടെ കൃതികളെല്ലാം സമാഹരിക്കപ്പെട്ടിട്ടുണ്ട്. കവിതാരീതി കാണിക്കുവാൻ മാത്രമായി ‘സന്ധ്യാവർണ്ണന’ എന്ന കൃതിയിൽനിന്നു് ഒരു പദ്യം ഇവിടെ ഉദ്ധരിക്കാം.

പാരാകെത്തെളിയും പ്രതാപമിയലും ഭാസ്വാനതിക്ഷീണനായ്
പാരാവാരമതിൽ പതിച്ചു വിലയം പ്രാപിച്ചിരിക്കും വിധൗ
ഈ രാജാവതി നൂതനൻ കരബലം പോരാത്തൊരാളാകയാൽ
പാരാതത്ര തമോഗുണം പ്രബലമായ് പാരിൽ പരക്കുന്നിതാ. *

(കോട്ടയ്ക്കലുള്ള പന്നിയമ്പള്ളി വാര്യത്താണ് കൃഷ്ണവാരിയർ ജനിച്ചതു്. പന്നിയമ്പള്ളി ശ്രീദേവിവാരസ്യാരുടേയും, ചെറുകുളപ്പുറത്തു ത്രിവിക്രമൻനമ്പൂതിരിയുടേയും ഏകസന്താനമായി 1052 ഇടവം 15-ാം തീയതി പി. വി. ഭൂജാതനായി. വൈദ്യരത്നം പി. എസ്. വാര്യർ, പി. വി. യുടെ മാതൃസഹോദരീപുത്രനായിരുന്നു. കവികുലഗുരുവായിത്തീർന്ന നമ്മുടെ സ്മര്യപുരുഷൻ, 1958 നവംബർ 18-ാം തീയതി (1134 വൃശ്ചികം 3- തീയതി) 82-ാമത്തെ വയസ്സിൽ ദിവംഗതനായി.)