പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

കരുണത്തിൻ്റെ അവ്യാജമധുരിമ അടിമുതൽ മുടിവരെ ഇതിൽ വിളങ്ങുന്നു. ഏതാനും മനോഹരപദ്യങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

”അനന്തമജ്ഞാതമവർണ്ണനീയ―
മീലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?”

”ഉരുക്കിടുന്നൂ മിഴിനീരിലിട്ടു
മൂക്കുന്നു മുറ്റും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാൻ’

”ഇരുമ്പുരാക്കിൻപൊടികൊണ്ടു വെള്ളി-
പ്പണിക്കൊരുങ്ങും രസവാദനാളി
സർവ്വത്തെയും കാഞ്ചനമാക്കിയിട്ടേ
കാലപ്പെരും പൈക്കുറ പൂകയുള്ളു.”

”അതീതജന്മങ്ങളിൽ ഞാൻ പണിപ്പെ-
ട്ടാർജ്ജിച്ച പുണ്യാവലി ചാമ്പലായി!
ആ മാമകാശാപ്രവിതാനമൊട്ടു-
ക്കമർന്നുപോയാറടി മണ്ണിനുള്ളിൽ.”