ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
ഓടാട്ടിൽ കേശവമേനോൻ: കേശവമേനോൻ്റെ പ്രധാനകൃതി, ‘ടിപ്പുവും മലയാളരാജ്യവും’ എന്ന ഖണ്ഡകാവ്യമാണു്. കൊല്ലം 1087-ൽ ഭാരതവിലാസം പ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിയ പ്രസ്തുതകൃതി ഒരു സമ്മാനപ്രബന്ധംകൂടിയാണ്. ഇരുന്നൂറു ശ്ലോകങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ഓരോന്നും രസികത തുളുമ്പുന്നവയാണു്. ഒരു ശ്ലോകം മാത്രം ഉദ്ധരിക്കാം:
ബ്രഹ്മക്ഷത്രിയവൈശ്യശൂദ്രരെയൊരേ-
വർണ്ണത്തിലാക്കീടുവാൻ
ബിംബിഷ്ടം ലവലേശമെങ്കിലുമുദി-
ച്ചീടാത്തതത്യത്ഭുതം
തമ്മിൽത്തെറ്റിയ നാലുവർണ്ണവുമവൻ
ഖഡ്ഗപ്രയോഗത്തിനാൽ
ചിമ്മിക്കണ്ണുതുറന്നിടുന്നതിനകം
രക്തത്തിലാക്കീടിനാൻ. (ശ്ലോകം 56)
കേശവമേനോൻ്റെ മറ്റൊരു കൃതിയാണ് കപോതസന്ദേശം. ഇറ്റലിയിൽ വസിക്കുന്ന നായകൻ, തൃശ്ശൂരിൽ ജീവിക്കുന്ന നായികയ്ക്കു സന്ദേശമയയ്ക്കുന്നതാണ് അതിലെ വിഷയം. കുമാരാഷ്ട്കം തുടങ്ങിയ ചില കൃതികളും കേശവമേനോൻ രചിച്ചിട്ടുണ്ട്. 1876 മുതൽ 1946 വരെയായിരുന്നു കവിയുടെ ജീവിതകാലം.