പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

”നിസ്സാരമിസ്സംസൃതിയെന്നു ചൊൽവൂ
ബ്രഹ്മജ്ഞരാം പണ്ഡിതർ ആയിരിക്കാം;
പ്രേമാർദ്രമത്തൂമുഖമുല്ലസിക്കെ
വിലപ്പെടുന്നൊന്നിവനീപ്രപഞ്ചം!”

“അതേ, ചിരം ദുഃഖവശാൽത്തപിച്ചെ-
ന്നാലേ മനസ്സിൽപരമാനുരാഗം
തട്ടിത്തഴയ്ക്കൂ; വെയിൽതട്ടി വേണം
മുളച്ചുപൊന്തും ചെടി വേർപിടിപ്പാൻ.”

“നാനാത്വമാം സംസൃതിയിങ്കലുണ്ടാം
നമ്മെപ്പുരട്ടാൻ പലതും സുഖങ്ങൾ;
കുടുംബിനീസുസ്മിതമൊന്നുമാത്രം
നാകം ചമപ്പൂ നരകങ്ങളാലും!”

“ഇരുൾക്കരിക്കട്ടകൾ കൂട്ടിയിട്ടതിടിച്ചു
വൈരപ്പൊടി ചിന്നിടും നീ
മഹത്വമേ, മൃത്യുവിൽനിന്നെനിക്കെ-
ന്നശ്വരത്വത്തെയെടുത്തു കാട്ടും?”

വള്ളത്തോൾക്കളരിയിലെ ഒരു പ്രധാന നടനായിരുന്ന നാലപ്പാടൻ രചനാരീതിയിൽ വള്ളത്തോളിനേയും, ചിന്താഗതിയിൽ കുമാരനാശാനേയുമാണു് മിക്കവാറും അനുകരിച്ചിട്ടുള്ളതെന്നു തോന്നുന്നു. ആധുനിക ശാസ്ത്രത്തിൻ്റെ ചില പ്രവണതകളും നാലപ്പാടൻ്റെ കൃതികളിൽ നമുക്കു കാണാവുന്നതാണ്.