ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
‘ചക്രവാള’ത്തിലാണ് ഈ ശാസ്ത്രതത്ത്വങ്ങളുടെ സ്ഫുരണം കൂടുതൽ കാണുന്നത്. ആദ്ധ്യാത്മിക തത്ത്വങ്ങളും ആധുനിക ശാസ്ത്രതത്ത്വങ്ങളും അല്പമൊക്കെ ഗ്രഹിക്കാൻ കഴിഞ്ഞിട്ടുള്ളവർക്കേ അതിലെ ചില ആശയങ്ങൾ ഉൾഗ്രഹിക്കുവാൻ സാദ്ധ്യമാകൂ.
അല്ലെങ്കിലേതൊരു മൺതരിക്കുള്ളിലു-
മില്ലാത്തതൊന്നുമില്ലെങ്ങുമെങ്കിൽ,
ഈയൊരു കാൽക്ഷണത്തിങ്കലൊതുങ്ങാതെ-
യില്ലൊരു കാലാന്തരവുമെങ്കിൽ,
ഇപ്പരമാണുവും ബ്രഹ്മാണ്ഡമൊക്കെയു-
മെപ്പോഴുമിങ്ങു ഞാൻ പുൽകി നിൽപ്പൂ.
‘പുളകാങ്കുരം’ കണ്ണുനീർത്തുള്ളിക്കുശേഷം പുറപ്പെട്ട ഒരു കാവ്യമാണു്. ശ്രീ ബുദ്ധചരിതത്തെ ആസ്പദാക്കി സർ എഡ്വിൻ അർനോൾഡ് ഇംഗ്ലീഷിൽ രചിച്ചിട്ടുള്ള ‘The Light of Asia’ എന്ന പ്രശസ്ത ഗ്രന്ഥത്തിൻ്റെ പരിഭാഷയാണു പൗരസ്ത്യദീപം. പദാനുപദ തർജ്ജയ്ക്കു മുതിർന്നതുകൊണ്ടുള്ള ചില ഭംഗികേടുകൾ ചില ഭാഗങ്ങളിൽ കാണാമെങ്കിലും ആകപ്പാടെ ആസ്വാദനീയമായ ഒരു കൃതിയാണതു്. കവിയുടെ ആദ്യഘട്ടത്തിലെ ഒരു കൃതിയാണ് സുലോചന. *
* (നാരായണമേനോൻ, വന്നേരി നാലപ്പാട്ടുകുടുംബത്തിൽ 1063 കന്നി 22-ാം തീയതി ജനിച്ചു. വന്നേരി നാലപ്പാട്ടു കുടുംബത്തിലെ മാധവിയമ്മയും ആമയൂരു് കണ്ണൂരു് പുരുഷോത്തമൻനമ്പൂരിയുമായിരുന്നു മാതാപിതാക്കന്മാർ. കവിതകൾ കൂടാതെ പാവങ്ങൾ (തർജ്ജമ), രതിസാമ്രാജ്യം, ആർഷജ്ഞാനം, വള്ളത്തോൾ നാരായണമേനോൻ (ജീവചരിത്രം) തുടങ്ങിയ ഗദ്യകൃതികളും രചിച്ചിട്ടുണ്ട്. ‘കണ്ണുനീർത്തുള്ളി’യും ‘ചക്രവാള’വും ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടിട്ടുള്ള കൃതികളത്രെ. 1130 തുലാം 14-ാം തീയതി ഈ പ്രശസ്ത കവി യശശ്ശരീരനായിത്തീർന്നു.)