ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
കുറ്റിപ്പുറത്തു കേശവൻ നായർ : കാവ്യങ്ങളെ ധ്വനി എന്നും ഗുണീഭൂതവ്യംഗ്യമെന്നും രണ്ടായി വിഭജിക്കാമെങ്കിൽ കേശവൻനായരുടെ മിക്ക കൃതികളും ആദ്യത്തെ ഇനത്തിൽ ഉൾപ്പെടുന്നതായിരിക്കും. ‘കാവ്യോപഹാരം’, ‘നവ്യോപഹാരം’, ‘പ്രപഞ്ചം’, ‘ഓണം കഴിഞ്ഞു’ എന്നീ സമാഹാരങ്ങളാണു് അദ്ദേഹത്തിൻ്റെ മുഖ്യകൃതികൾ. കവി, ശബ്ദാർത്ഥങ്ങളെ കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടും നല്ല വിമർശകബുദ്ധിയോടുംകൂടിയാണെന്നു് അദ്ദേഹത്തിൻ്റെ ഏതു കൃതിയും തെളിവുനൽകുന്നു. ദുർവാസാവിൻ്റെ ശാപത്താൽ ദുഷ്യന്തൻ വിവാഹസംഗതിതന്നെ വിസ്മരിച്ചിരിക്കുന്നു; ശകുന്തളയോ പ്രതിജ്ഞയനുസരിച്ചു വരൻ്റെ വരവു കാണാതെ ഏറ്റവും വിക്ലബയായി കുഴങ്ങുന്നു. നായികയുടെ ഈ വിഷമാവസ്ഥയെ വർണ്ണിക്കുവാൻ തുടങ്ങുന്ന കവി, അതിനു മുമ്പിലത്തെ പ്രഭാതത്തെ വർണ്ണിക്കുന്നതു നോക്കുക:
”ഹരിണാങ്കനഹോ! പിരിഞ്ഞതിൽപ്പി-
മ്പരികത്തൊന്നണയാത്തതോർക്കയാലോ
അരിയോരുദയാശതൻ മുഖം തെ-
ല്ലരിശംകൊണ്ടവിധം ചുകന്നിരുന്നു”
”വരനെന്തു വരാത്തതന്യനാരീ-
കരബന്ധത്തിനു കീഴടങ്ങിയെന്നോ?
പരമീവിധമോർത്തീടുന്ന പെണ്ണിൻ-
കരൾപോലേ വെയിൽ ചൂടുതേടി മേന്മേൽ.”