ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ
ഒരല്ലലില്ലെങ്കിലെനിക്കു കല്ലാ-
യിരിക്കുവാൻകൂടിയുമില്ല ദണ്ഡം
മരിച്ചുപോം മർത്ത്യതയെന്തിനാണു
കരഞ്ഞിടാനും കരയിച്ചിടാനും?
ഏതാദൃശപദ്യങ്ങളുടെ ആസ്വാദനത്തിൽനിന്നും ഉദ്ഭൂതമാകുന്ന രസം അവാച്യമെത്രെ.
മഹാകവി വള്ളത്തോളിൻ്റെ സ്യാലനും വള്ളത്തോൾക്കളരിയിലെ ഒരു പ്രധാന അംഗവുമായിരുന്നു കേശവൻനായർ * (1058 ചിങ്ങം 12-ാം തീയതിയാണ് കവിയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ ഭാഷാദ്ധ്യാപകനായിരുന്നു. മുകളിൽ പ്രസ്താവിച്ച കൃതികൾക്കു പുറമെ അഭിജ്ഞാനശാകുന്തളം, പ്രതിമാനാടകം എന്നീ കൃതികൾ വിവർത്തനം ചെയ്തിട്ടുമുണ്ട്. 1134 മകരം 30-ാം തീയതി കേശവൻനായർ ദിവംഗതനായി.) ശാന്തവും ആദർശപരവുമായ ഒരു ജീവിതരീതിയാണ് കവി എന്നും ഇഷ്ടപ്പെട്ടിരുന്നതു്. എപ്പോഴും സംതൃപ്തിനിറഞ്ഞ ഒരു ഹൃദയം പരിചിതന്മാർക്കു് അദ്ദേഹത്തിൽ കാണുവാൻ കഴിഞ്ഞിരുന്നു. ‘മനോരഥം’ എന്ന കവിത അദ്ദേഹത്തിൻ്റെ ജീവിതരീതിയെ ഒട്ടൊക്കെ പ്രതിഫലിപ്പിച്ചു കാണിക്കുന്നുണ്ടെന്നു തോന്നുന്നു. കേശവൻനായരുടെ ‘സരള’, ‘ശ്രീമതി’ മുതലായ കൂട്ടുകവിതകൾ മണിപ്രവാളകവിതയുടെ മനോജ്ഞതയെ വിളംബരം ചെയ്യുന്നവയത്രെ.