പദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഉത്ഥാനഘട്ടത്തിൽ – ചില പ്രസിദ്ധകവികൾ

കുട്ടമത്ത്: അനേകം വിശിഷ്ട കാവ്യമാല്യങ്ങൾ ചാർത്തി കൈരളിയെ പൂജിച്ചുകൊണ്ടിരുന്ന ഒരു കവീന്ദ്രനാണു് ഔത്തരാഹനായ കുട്ടമത്ത് കുഞ്ഞികൃഷ്ണ കുറുപ്പ്. കുറുപ്പിൻ്റെ പൂർവ്വഗാമികളായ കുടുംബാംഗങ്ങളിൽ പലരും സാഹിതീ സപര്യയിൽ കഴിഞ്ഞുകൂടിയിട്ടുള്ളവരത്രെ. ശബ്ദസൗന്ദര്യം, സംഗീതാത്മകത്വം എന്നിവ കുട്ടമത്തിൻ്റെ കൃതികൾക്കുള്ള പ്രശസ്ത ഗുണങ്ങളാകുന്നു. ‘കാളിയമർദ്ദനം’ എന്ന യമകകാവ്യമാണ് അദ്ദേഹത്തിൻ്റെ പ്രധാന കൃതി. അതിൽനിന്നു് ഒരു ഭാ​ഗം ഇവിടെ ഉദ്ധരിക്കാം:

ശങ്കരി! സരസം കലയേ! സകലവുമിപ്പാദപത്മദാസങ്കലയേ!
കനിവൊടു മായേ! തായേ! യെന്നാൽ ജന്മം കൃതാർത്ഥമായേ തായേ!

ഇതിലെ ശബ്ദഭംഗി ആരേയും ആനന്ദിപ്പിക്കുമെന്നു പറയേണ്ടതില്ലല്ലോ. പദദാരിദ്ര്യമുള്ള കവികൾക്ക് യമകാദികാവ്യങ്ങൾ ഒരിക്കലും സമ്മോദജനകമായി നിർമ്മിക്കുവാൻ സാധിക്കുന്നതല്ല.

തുണയാണതു ഹേ! ദാഹേ-വാടാ! വാ കള്ളുതള്ളുക

എന്നിങ്ങനെ അനുലോമപ്രതിലോമമായി വായിക്കത്തക്കവണ്ണം ശബ്ദങ്ങളെ പ്രയോഗിക്കുന്നതിൽ, കവിതയില്ലെന്നു വന്നാൽപ്പോലും, കവിയുടെ പാടവത്തെ രസികജനങ്ങൾ മന്ദഹാസംതൂകി മാനിക്കാതിരിക്കുകയില്ല.