ഉപസംഹാരം
ഒരു സിംഹാവലോകനം: മലയാളഗദ്യസാഹിത്യത്തിൻ്റെ അന്നു മുതൽ ഇന്നുവരെയുള്ള വികാസപരിണാമങ്ങളിലേക്കു നാമൊന്നു കണ്ണോടിച്ചുനോക്കുക. സന്തോഷത്തിന്നും സംതൃപ്തിക്കും ധാരാളം വകയുണ്ടെന്നു കാണാം. താമ്രശാസനങ്ങൾ, ശിലാശാസനങ്ങൾ മുതലായവയുടെ കാലം മുതൽക്കാണല്ലോ മലയാള ഗദ്യത്തിൻ്റെ സ്വരൂപം കണ്ടുതുടങ്ങുന്നതു്. താമ്രശാസനങ്ങളുടെ കാലത്തെപ്പററി അഭിപ്രായഭേദങ്ങളുണ്ടെന്നതു ശരിതന്നെ. എങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ ആദരിച്ചുനോക്കുമ്പോൾ, ക്രിസ്ത്യാനികളുടേയും യഹൂദന്മാരുടേയും കൈവശമുള്ള താമ്രശാസനങ്ങൾ ക്രിസ്താബ്ദം എട്ടും ഒമ്പതും നൂററാണ്ടുകൾക്കിടയിൽ ഉത്ഭവിച്ചിട്ടുള്ളവയാണെന്നു മിക്കവാറും തീർച്ചപ്പെടുത്താം. അതിനാൽ കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ മലയാളഗദ്യം എഴുതിത്തുടങ്ങിയെന്നു തീരുമാനിക്കുന്നതിൽ അധികം തെററില്ല. മേല്പറഞ്ഞ കാലഘട്ടത്തോടടുത്തുതന്നെയാണല്ലോ ഭാസ്‌കര രവിവർമ്മ എന്ന കുലശേഖര ചക്രവർത്തി നാടുവാണിരുന്നതു്. അദ്ദേഹത്തിൻ്റെ നർമ്മസചിവനായിരുന്ന ‘തോലൻ’ എഴുതിയിട്ടുള്ള ‘മന്ത്രാങ്കം ആട്ടപ്രകാര’ത്തിലെ ഗദ്യം, കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഇവിടെ ഗദ്യം എഴുതിത്തുടങ്ങിയിരുന്നുവെന്നുള്ളതിനു മറെറാരു തെളിവാണു്.
പ്രസ്തുത കാലഘട്ടത്തിനുശേഷം ഉണ്ടായിട്ടുള്ള പല പ്രാചീനഗദ്യകൃതികളും നമുക്കു ലഭിച്ചിട്ടുണ്ടു്. പലതും സാഹിത്യഗുണമുള്ളവയുമാണു്. കൗടലിയം ഭാഷ, ബ്രഹ്മാണ്ഡപുരാണം ഗദ്യം, ദൂതവാക്യം, ഭാഗവതം ഗദ്യം എന്നുതുടങ്ങിയ കൃതികൾ അവയിൽ ഉൾപ്പെടുന്നു. ഇവയെല്ലാം 14-ാംനൂററാണ്ടിനു മുമ്പുതന്നെ ഉണ്ടായിട്ടുള്ളവയത്രെ. തമിഴിൻ്റെ ആധിപത്യമാണ് ആ കാലഘട്ടത്തിലെ കൃതികളിൽ കാണുന്നതു്; ഉത്തരരാമായണം ഗദ്യം തുടങ്ങി പിന്നീടുണ്ടായിട്ടുള്ള പ്രബന്ധങ്ങളിൽ സംസ്കൃതത്തിൻ്റെ മേൽക്കോയ്മയും. ഗ്രന്ഥവരികൾ, കരാർകരണങ്ങൾ എന്നു തുടങ്ങിയവയിൽ കാണപ്പെടുന്ന ഗദ്യം ദേശഭേദമനുസരിച്ചു ഭാഷാസ്വരൂപത്തിൽ വ്യത്യാസപ്പെട്ടതുമാണ്. ഇങ്ങനെ ഭാഷാശൈലി ഓരോന്നിലും വിഭിന്നരൂപത്തിലാണു് കാണുന്നതെങ്കിലും അതിപ്രാക്തനമായ കാലഘട്ടം മുതൽക്കുതന്നെ കൈരളീഗദ്യപ്രസ്ഥാനം രൂപമെടുത്തു കഴിഞ്ഞിരുന്നുവെന്നുള്ളതു നിർവ്വിവാദമാണു്. എന്നാൽ, ഈ ഗദ്യരീതി പിന്നീടധികം പുഷ്ടിപ്പെടുകയോ ആധുനിക ഗദ്യത്തിനു് അനുകരണ യോഗ്യമായിത്തീരുകയോ ഉണ്ടായില്ല.