ഉപസംഹാരം. മഹാകവി കുഞ്ചൻ നമ്പ്യാർ

ഉപസംഹാരം

മേല്പറഞ്ഞവയിൽ കിളിപ്പാട്ടും തുള്ളൽ പ്രസ്ഥാനവും മലയാളഭാഷയുടെ പ്രത്യേകതകളാകുന്നു. കഥ നേരിട്ടുപറയാതെ, ശാരദാഹസ്തസ്ഥിതമായ ശാരികയെ കൂട്ടുപിടിച്ച് അതിനെക്കൊണ്ടു കഥനം നടത്തിക്കുകയാണു് ഭക്ത ശിരോമണിയായ തുഞ്ചൻ ചെയ്തത്. സാഹിത്യലക്ഷ്മിയെ പൊട്ടിച്ചിരിപ്പിച്ച കുഞ്ചൻനമ്പ്യാരാകട്ടെ “ഭടജനങ്ങൾക്ക് ഹൃദ്യമായ ഒരു സാഹിത്യസരണി കണ്ടുപിടിച്ചു. ഇന്നു ശാസ്ത്രീയമായി പരിശോധിക്കുമ്പോൾ, തുള്ളൽ പ്രസ്ഥാനത്തിനു നമ്പ്യാർ പലർക്കും കടപ്പെട്ടിരിക്കുന്നതായി നമുക്കു് തോന്നിയേക്കാം. അതു ശരിയാണെങ്കിൽതന്നെയും, പല പല പ്രസ്ഥാനങ്ങളിലായി ചിന്നിച്ചിതറികിടന്നിരുന്ന കലാംശങ്ങളെ ആശാസ്യമായവിധം ഇങ്ങനെ കൂട്ടിയിണക്കി ഒരു നവീനപ്രസ്ഥാനത്തെ ആവിഭവിപ്പിച്ചതിനു കേരളീയർ ആ അനുഗൃഹീതചരിതനോട് എന്നും കടപ്പെട്ടാണിരിക്കുന്നതു്. അക്കാലത്ത് ഈദൃശമായ ഒരു പ്രസ്ഥാനം രൂപവൽക്കരിച്ച്, അതിനെ പൊതുജനസമക്ഷം അവതരിപ്പിച്ചു കൃതാർത്ഥനാകാൻ തക്കമേധാശക്തിയും സ്തൈര്യവും പ്രകടിപ്പിച്ച ആ കവിപുംഗവനെ — ആ ധീരാത്മാ വിനെ — നാം എത്രതന്നെ ആദരിച്ചാലും അഭിനന്ദിച്ചാലും മതിയാകുന്നതല്ല.