ഉപസംഹാരം. മഹാകവി കുഞ്ചൻ നമ്പ്യാർ

ഉപസംഹാരം

കേരളീയനാട്ട്യകലകളിൽ തുള്ളലുകൾക്ക് അഭികാമ്യമായ ഒരു സ്ഥാനമാണുള്ളത്. ആട്ടം, നാട്യം, പാട്ട് ഇവ മൂന്നുമാണല്ലൊ ‘കലാജീവിതങ്ങൾ’. തുള്ളലുകളിൽ ഇവ മൂന്നും സമ്മേളിച്ചിട്ടുണ്ടു്. അനന്യസാധാരണവും ലളിതകോമളവുമായ ഒരു സാഹിത്യരീതിയേയും നമ്പ്യാർ തുള്ളലുകളിൽ സ്വീകരിച്ചിരിക്കുന്നു. ഇടക്കാലത്തു സംസ്കൃതഭ്രമക്കാരായിത്തീർന്ന കേരളീയകവികൾക്ക്, മലയാളത്തോടു് ഏതാണ്ടൊരവജ്ഞ തോന്നിയിരുന്നു. ഈ നിലയ്ക്ക് അന്തരം വന്നതു് തുഞ്ചൻ തൻ്റെ മണിപ്രവാളവുമായി രംഗപ്രവേശം ചെയ്തപ്പോഴത്രേ. എന്നാൽ മലയാളഭാഷയെ തമിഴിൻ്റെ ദാസ്യത്തിൽ നിന്നും, സംസ്കൃതത്തിൻ്റെ സ്വേച്ഛാപ്രഭുത്വത്തിൽനിന്നും പരിപൂർണ്ണമായി സ്വത ന്ത്രമാക്കിയതു കുഞ്ചൻനമ്പ്യാരായിരുന്നു. സംസ്കൃതഭാഷയിൽ അസാമാന്യപണ്ഡിതനായിരുന്നെങ്കിലും അദ്ദേഹം സ്വപാണ്ഡിത്യ പ്രകടനത്തിനു തുള്ളലുകളെ അദ്ദേഹം പ്രായേണ രംഗമാക്കിക്കാണുന്നില്ല. വളച്ചുകെട്ടൊഴിച്ചു്, ശ്രവണമാത്രയിൽ ആലോചനാമൃതമായ അർത്ഥം മനസ്സിൽ പതിയത്തക്ക ഒരു ശൈലിയിൽ, പാമരന്മാർക്കും ഹൃദ്യമാകത്തക്ക സുഗമമായ ഒരു രീതിയിൽ, ഗ്രന്ഥരചന നടത്തിയ നമ്പ്യാർക്ക് മലയാള സാഹിത്യത്തിൽ അനശ്വരവും അദ്വിതീയവുമായ ഒരു സ്ഥാനം തന്നെയുണ്ടു്. പിൽക്കാലത്തും വെണ്മണി നമ്പൂതിരിപ്പാടന്മാരെ ഒഴിച്ചാൽ, ഈ പ്രസ്ഥാനത്തിൽ നമ്പ്യാർക്കല്ലാതെ മറ്റാർക്കും വിജയംനേടാൻ സാധിച്ചിട്ടുമില്ല.

നമ്പ്യാർ തുള്ളലുകൾക്കു പ്രായേണ പുരാണകഥകളെയാണല്ലൊ ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളതു്. ഇതിൽ അദ്ദേഹം അക്കാലത്തെ പതിവിനേയും, പ്രാചീന കവിസങ്കേതങ്ങളേയും അവലംബിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ, എന്നിരുന്നാലും അദ്ദേഹം അവയ്ക്കൊരു നൂതനത്വം നല്കിയിരിക്കുന്നു. പുരാണകഥകളെ കാലദേശാവസ്ഥകൾക്കു യോജിച്ച വിധത്തിൽ രൂപാന്തരപ്പെടുത്തുന്നതിനു് അദ്ദേഹത്തിനു യാതൊരു സങ്കോചവുമില്ല. ഈ ഔചിത്യദീക്ഷ പ്രസിദ്ധ കവികളുടെ കൃതികളിലൊക്കെ നാം കാണുന്നു ണ്ടല്ലൊ, കഥയിൽ സന്ദർഭാനുസൃതമായ മാറ്റങ്ങൾ വരുത്തുന്ന കാര്യത്തിൽ നമ്പ്യാർ മറെറല്ലാവരേക്കാളും നിരങ്കുശനാണു്. തന്മൂലം കവികല്പിതങ്ങളായ കഥകൾക്കുള്ള ഒരു നവ്യത്വവും സാമഞ്ജസ്യവും തുള്ളലുകളിൽ നമുക്കനുഭവപ്പെടുന്നു.