ഉപസംഹാരം
നമ്പ്യാരുടെ പദസ്വാധീനത അത്ഭുതാവഹമെന്നേ പറയേണ്ടു! “സ്വർഗ്ഗാനർഗ്ഗളനിർഗ്ഗളൽസുരസരിൽ പാഥഃ പ്രപാതം” തന്നെ ആയിരുന്നു അദ്ദേഹത്തിൻ്റെ വാഗ്‌ധോരണി.
“പാൽക്കടൽത്തിരതള്ളിയേറിവരുന്നപോലെ പദങ്ങളെൻ
നാക്കിലങ്ങനെ നൃത്താമാണൊരു ഭോഷ്കുചൊല്ലുകയല്ലഞാൻ”
എന്നും,
“പാകിനാരോടുമിന്നു കിഞ്ചന
തോൽക്കയില്ലതു നിശ്ചയം”
എന്നും, അദ്ദേഹംതന്നെ പറഞ്ഞിട്ടുള്ളതു കേവലം ഔദ്ധതൃപ്രകടനമല്ല, വെറുമൊരു വാസ്തവകഥനം മാത്രമാകുന്നു. പദസ്വാധീനതയിൽ നമ്പ്യാരെ ജയിക്കുന്ന മറെറാരു കവി ഇന്നുവരെ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് അതിശയോക്തിസ്പർശം കൂടാതെ പറയാം. രസനിബന്ധനം, അലങ്കാരപ്രയോഗങ്ങൾ എന്നിവയിലും നമ്പ്യാരുടെ കവിതാവധൂടി ചേതസ്സമാകർഷകയായിരിക്കുന്നു. നിസർഗ്ഗസുന്ദരമായ സ്വവാണീപ്രയോഗത്താൽ, തേച്ചുമിനുക്കിയ അനവധി തത്വോപദേശങ്ങളും പഴഞ്ചൊല്ലുകളും ജീവിതവിമർശങ്ങളും അണിയിച്ചു്, കവിതാകാമിനിയെ കുടിലിലും കൊട്ടാരത്തിലും ഒന്നുപോലെ, നൃത്തം ചെയ്യിക്കുവാൻ നമ്പ്യാരെപ്പോലെ, ഇതരഭാഷാകവികളിലാർക്കുംതന്നെ സാധിച്ചിട്ടില്ല.
ഈ വിഷയത്തിൽ മഹാകവിമൂർദ്ധന്യനായ തുഞ്ചൻപോലും കുഞ്ചനോട് അസൂയപ്പെടുകയില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
