ഉപസംഹാരം
കാവ്യം സന്മാർഗ്ഗോപദേശകമായിരിക്കണമെന്നുള്ള സിദ്ധാന്തത്തെ കുഞ്ചൻ നമ്പ്യാരെപ്പോലെ അത്ര കണിശമായി അനുവർത്തിച്ചിട്ടുള്ള കവികൾ ദുർല്ലഭമേയുള്ള. തൻ്റെകാലത്തു കേരളീയസമുദായങ്ങളിൽ ഉണ്ടായിരുന്ന ദൃഷ്യങ്ങളേയും, മനുഷ്യസാധാരണമായ ചാപല്യങ്ങളേയും സ്വകൃതികളിൽ സന്ദർഭാനുസരണം നിശിതവിമർശനങ്ങൾ നടത്തി, അനുവാചകർക്കു സന്മാർഗ്ഗോപദേശം ചെയ്യുന്നതിൽ നമ്പ്യാർ ബദ്ധകങ്കണനായിരുന്നു. കേവലം ലൗകായതികത്വംകൊണ്ടോ, ദോഷൈകദൃഷ്ടി നിമിത്തമോ അല്ല, അദ്ദേഹം അങ്ങനെ ചെയ്തിരുന്നത്. ദോഷാംശങ്ങളെ വിശദമാക്കി അതിൻ്റെ ന്യൂനതകളെ ചൂണ്ടിക്കാണിച്ചു ജനസഞ്ചയത്തെ സദാചാരപ്രിയരാക്കണമെന്നും, ഈശ്വര വിശ്വാസികളാക്കണമെന്നും മാത്രമേ നമ്പ്യാർക്കുദ്ദേശ്യമുണ്ടായിരുന്നുള്ള. സാമാന്യന്മാരിൽക്കാണുന്നതിലധികമായ ഈശ്വരവിശ്വാസവും ഭക്തിയും നമ്പ്യാർക്കുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മിക്കകൃതികളുടേയും ആരംഭംതന്നെ ആ വിശ്വാസത്തേയും ഭക്തിയേയും പ്രത്യക്ഷീകരിച്ചുകൊണ്ടാകുന്നു. നമ്പ്യാരുടെ ബ്രാഹ്മണഭക്തി അനിതരസാധാരണമത്രെ.
